എറണാകുളം: കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ കുടുംബങ്ങളിലും മാസ്‌കുകളും പാല്‍ പായ്ക്കറ്റുകളും എത്തിക്കാന്‍ പിറവം നഗരസഭ തയ്യാറെടുക്കുന്നു. തിങ്കളാഴ്ച മുതല്‍ ഇവയുടെ വിതരണം നഗരസഭയില്‍ ആരംഭിക്കും. ലോക് ഡൗണ്‍ തീരുന്ന 14-ാം തീയതി ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ അണിയുന്നതിനാണ് നഗരസഭാപരിധിയില്‍ സൗജന്യമായി മാസ്‌കുകള്‍ നല്‍കുന്നത്. ബനിയന്‍ തുണികൊണ്ട് നിര്‍മ്മിക്കുന്ന കഴുകി ഉപയോഗിക്കാവുന്ന മൂന്ന് മാസ്‌കുകളാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. നഗരസഭാപരിധിയില്‍ ഏഴായിരം കുടുംബങ്ങളാണുള്ളത്.
അര്‍ഹരായ കുടുംബങ്ങള്‍ക്ക് പാല്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടവും നെസ്‌ലെ കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന പോഷണം പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയില്‍ 15000 പായ്ക്കറ്റ് പാല്‍ വിതരണം ചെയ്യും. മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍, കുട്ടികള്‍, പട്ടികവര്‍ഗ കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് പോഷണം പദ്ധതിയിലൂടെ റെഡി ടു ഡ്രിങ്ക് പാല്‍ പായ്ക്കറ്റുകള്‍ എത്തിക്കുന്നത്. വിതരണത്തിനായുള്ള പാല്‍ പായ്ക്കറ്റുകള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നഗരസഭാ ചെയര്‍മാന്‍ സാബു കെ. ജേക്കബിന് കൈമാറി. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ മുഖേനെയാണ് ഇവയുടെ വിതരണം. നഗരസഭയുടെ നതത് ഫണ്ട് ഉപയോഗിച്ചാണ് മാസ്‌കുകൾ നിര്‍മ്മിക്കുന്നത്.