എറണാകുളം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സംഭവ ബഹുലമായ നൂറു ദിനം പിന്നിടുമ്പോൾ ഈ പ്രതിരോധത്തിന്റെ പ്രതീകമാവുകയാണ് എറണാകുളം മെഡിക്കൽ കോളേജ്.

രോഗത്തിന്റെ, പ്രതിരോധത്തിന്റെ കരുതലിന്റെ, വേർപാടിന്റെ, ചേർത്തു നിർത്തലിന്റെ കഴിഞ്ഞ നൂറു ദിവസങ്ങളിൽ മെഡിക്കൽ കോളേജ് ഏറെ മാറിയിരിക്കുന്നു. പുതിയ ചികിത്സാ ശൈലികളുടെ, പരിശോധനകളുടെ, ഗവേഷണത്തിന്റെ പാതയിലാണ് ഈ സർക്കാർ മെഡിക്കൽ കോളേജ്.

ചൈനയുടെ വുഹാൻ പ്രവിശ്യയിൽ ഉണ്ടായ അങ്ങേയറ്റം സാധാരണമെന്ന് കരുതിയ ഒരു പനി ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുമ്പോൾ അതിനെതിരെ എറണാകുളം മെഡിക്കൽ കോളേജ് നടത്തുന്ന മുന്നേറ്റം ലോകശ്രദ്ധയിലെത്തിക്കഴിഞ്ഞു.

ഇന്ത്യയില്‍ തന്നെ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളത്തില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ഇവിടെ ഐസലേഷന്‍ വാര്‍ഡ് സംവിധാനമൊരുങ്ങി. ചൈനയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ മുതല്‍ കോവിഡ് പ്രതിരോധത്തിനായി സജ്ജമായിരുന്നു ഇവിടം.

പ്രായമായവർക്ക് മരണകാരണമാവുന്ന കോവിഡ് രോഗത്തില്‍ നിന്നും അവരെ സുരക്ഷിതമായി രോഗവിമുക്തമാക്കിയ നേട്ടവും കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ രേഖകളിലുണ്ട്. യു എ ഇയിൽ നിന്നെത്തിയ ചുള്ളിക്കല്‍ സ്വദേശി മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് സാധ്യമായ എല്ലാ ചികിത്സകളും നൽകി.

കോവിഡ് സ്ഥിരീകരിച്ച യുകെ പാരൻ ബ്രയാൻ നീലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ ശ്വാസ തടസമുണ്ടായിരുന്നു. കടുത്ത ന്യുമോണിയ ബാധിച്ച അദ്ദേഹത്തെ എച്ച്.ഐ.വി ചികിത്സക്കുപയോഗിക്കുന്ന മരുന്ന് ഉപയോഗിക്കാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കാണിച്ച ആത്മവിശ്വാസമാണ് ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്.

വിമാനത്താവളത്തില്‍ നടന്ന പരിശോധനക്കിടെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 1800 പേരെയാണ് മെഡിക്കല്‍ കോളേജില്‍ സ്ക്രീനിങ്ങിന് വിധേയമാക്കിയത്. ഇവരില്‍ ഇരുന്നൂറോളം പേരെ കിടത്തി ചികിത്സിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് സഹ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോളും ആത്മവിശ്വാസത്തോടെ തോല്‍ക്കാനാവാത്ത മനസ്സോടു കൂടി ഇവിടുത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ പോരാടി.

വികസിതമായ ചികിത്സ രീതി മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളെ കൂടി കൂട്ട് പിടിച്ചു കൊണ്ടായിരുന്നു കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം. ദക്ഷിണ കൊറിയൻ മാതൃക ഉള്‍ക്കൊണ്ട് തദ്ദേശിയമായി വിസ്ക് കിയോസ്കുകള്‍ വികസിപ്പിച്ചത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു. വിസ്ക് നിര്‍മിച്ച് ഉപയോഗിക്കുക മാത്രമല്ല രാജ്യമൊട്ടാകെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി വിസ്ക് കിയോസ്ക് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ്.

വികസിത രാജ്യങ്ങളോടു പോലും കിടപിടിക്കാനുതകുന്ന റോബോട്ടിക് സംവിധാനവും മെഡിക്കല്‍ കോളേജിൻറെ ഭാഗമാണിപ്പോള്‍. കര്‍മിബോട്ട് എന്ന കുഞ്ഞൻ റോബോട്ട് രോഗികളുമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ സാരമായി കുറക്കാൻ സഹായിക്കുന്നുണ്ട്.

കൂടുതല്‍ പേരിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറസ് പരിശോധനക്കുള്ള ആര്‍.ടി പി.സി.ആര്‍ ലാബറട്ടറിയും മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കി.

കോവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 150 ആരോഗ്യ പ്രവര്‍ത്തകരാണ് ദിവസേന പ്രവര്‍ത്തിക്കുന്നത്. സ്വയം സുരക്ഷ കിറ്റുകളുടെ ചൂടും ബുദ്ധിമുട്ടുകളും വകവെക്കാതെ തുടര്‍ച്ചയായി 14 ദിവസത്തോളം ജോലി ചെയ്യുമ്പോളും ഇവിടുത്തെ ജീവനക്കാര്‍ക്ക് പരാതിയില്ല, മറിച്ച് രോഗത്തിൻറെ വെല്ലുവിളി ഇല്ലാതാക്കണമെന്ന തീവ്രമായ ആഗ്രഹം മാത്രമേയുള്ളു.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പീറ്റര്‍ പി.വാഴയില്‍, പ്രിൻസിപ്പൽ ഡയറക്ടർ ഡോ . തോമസ് മാത്യു ആര്‍.എം.ഒ ഡോ.ഗണേശ് മോഹന്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇനിയും മാറാത്ത കോവിഡ് ഭീഷണി മെഡിക്കല്‍ കോളേജ് ജീവനക്കാരെ ഭയപ്പെടുത്തുന്നില്ല, മറിച്ച് ജാഗ്രതയോടെ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാനാണ് ഓരോ ജീവനക്കാരന്റെയും തീരുമാനം.

കോവിഡ് കാലം പിന്നിട്ടുമ്പോഴേക്കും പകർച്ചവ്യാധി പ്രതിരോധത്തിൽ രാജ്യത്തിന് തന്നെ സുപ്രധാന സംഭാവന നൽകാനാകുന്ന ചികിത്സാ ഗവേഷണ കേന്ദ്രമായി മെഡിക്കൽ കോളേജ് മാറുമെന്ന വിലയിരുത്തലിലാണ് ജില്ലയിലെ ആരോഗ്യ മേഖല