ജില്ലയില്‍ രോഗബാധിതനായി ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം

മലപ്പുറം: കോവിഡ് 19 എന്ന മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല വീണ്ടും ചരിത്രമെഴുതി. സംസ്ഥാന സര്‍ക്കാറൊരുക്കിയ കരുതലിന്റെ കരുത്തില്‍ അഞ്ച് പേര്‍ കൂടി രോഗവിമുക്തരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് വീടുകളിലേയ്ക്കു മടങ്ങി.

അഞ്ച് പേര്‍ ഒരുമിച്ച് പുതു ജീവിതത്തിലേയ്ക്ക് മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോവിഡിനെതിരെ പോരാടുന്ന മുഴുവന്‍ പേര്‍ക്കും അഭിമാന മുഹൂര്‍ത്തമായി. ഇനി ഒരാള്‍ മാത്രമാണ് ജില്ലയില്‍ കോവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നത്.

വേങ്ങര കൂരിയാട് സ്വദേശി മടപ്പള്ളി അബ്ബാസ് (63), തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ചീനിക്കല്‍ ഷറഫുദ്ദീന്‍ (39), നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പള്ളിക്കല്‍ സനീം അഹമ്മദ് (30), വേങ്ങര കണ്ണമംഗലം സ്വദേശി കല്ലുപറമ്പന്‍ സുലൈഖ (45), മമ്പുറം വെട്ടം ബസാര്‍ സ്വദേശി നെരിക്കൂല്‍ സാജിദ (42) എന്നിവരാണ് വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകള്‍ക്കും ശേഷം രോഗം ഭേദമായി ഇന്നലെ (ഏപ്രില്‍ 27) വീടുകളിലേയ്ക്ക് മടങ്ങിയത്.

രാവിലെ 10.30 ന് ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ നിന്ന് അഞ്ച് പേരും പുറത്തിറങ്ങി.  കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഇവര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തങ്ങള്‍ക്ക് ലഭ്യമാക്കിയ മികച്ച ചികിത്സക്കും പരിചരണത്തിനും അഞ്ച് പേരും നന്ദി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക ആംബുലന്‍സുകളിലാണ് അഞ്ച് പേരും യാത്രയായത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു, ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ഹമീദ്, ഐസൊലേഷന്‍ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ ഇവരെ യാത്രയാക്കാനെത്തിയിരുന്നു.

ജില്ലയില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത 20 പേരില്‍ 18 പേരും രോഗമുക്തരാവുമ്പോള്‍ ആരോഗ്യ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാവുകയാണിതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു.

ഒരാള്‍ ഇപ്പോഴും കോവിഡ് ബാധിതനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയില്‍ തുടരുകയാണ്. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശിയും മരണത്തിന് കീഴടങ്ങിയിരുന്നു.