കണ്ണൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധാരണം പ്രോല്‍സാഹിപ്പിക്കാന്‍ കാംപയിനുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് സേഫ് കണ്ണൂര്‍ എന്ന പേരില്‍ മാസ്ക്കുകള്‍ പുറത്തിറക്കുന്നു. പുനരുപയോഗത്തിന് പറ്റുന്ന മാസ്ക്കുകളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ വഴി തയ്യാറാക്കുക.
സേഫ് കണ്ണൂര്‍ മാസ്ക്കിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന് നല്കി മേയര്‍ സുമ ബാലകൃഷ്ണന് നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന് പൊതു ഇടങ്ങളിലെത്തുന്ന മുഴുവനാളുകളും മാസ്ക്ക് ധരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മാസ്ക് ധാരണം ഒരു ശീലമായി സമൂഹത്തില്‍ വളര്‍ന്നു വരണം. അതേസമയം, ഉപയോഗിച്ച മാസ്ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയതുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നും ശരിയായ രീതിയില്‍ അവ സംസ്ക്കരിക്കാന്‍ ഉപയോഗിക്കുന്നവര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.