കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ലോക് ഡൗൺ നിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ തൃശൂർ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് അനുമതി നൽകാനാവില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. പൂരം നടക്കുന്ന മെയ് രണ്ടിന് ഒരു ആനപ്പുറത്ത് പത്തുപേർ അടങ്ങുന്ന വാദ്യക്കാരോടൊപ്പം പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിപ്പ് നടത്തുന്നതിന് പാറമേക്കാവ് ദേവസ്വം അപേക്ഷ സമർപ്പിച്ചിരുന്നു.

ഈ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ക്ഷേത്രത്തിനകത്ത് മാത്രം അഞ്ച് പേരിൽ കൂടാത്ത ഭക്തജനങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്നതിനും മറ്റ് ചടങ്ങുകൾ നടത്തേണ്ടതില്ലെന്നും ഇതുസംബന്ധിച്ച് ഏപ്രിൽ 15, 22 തീയതികളിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നതായി കളക്ടർ ചൂണ്ടിക്കാട്ടി. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കാലാകാലങ്ങളിൽ പുറത്തിറങ്ങുന്ന ഉത്തരവുകൾ ക്ഷേത്രം തുടർന്നും കർശനമായി പാലിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.