എറണാകുളം: പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുംകൊച്ചി തുറമുഖത്തും സജ്ജീകരണങ്ങൾ പൂർത്തിയായി. മുൻ അനുഭവങ്ങള്‍ കണക്കിലെടുത്ത് അപാകതകള്‍ പരിഹരിച്ചാണ് ഒരു ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാവുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗബാധ ഒഴിവാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യ ഘട്ട സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി ഇതു പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. പരിശോധനയ്ക്കായി ചുമതലപ്പെടുത്തുന്നവരുടെ എണ്ണവും കുറക്കാന്‍ ഇതു സഹായകമാവുമെന്നാണ് പ്രതീക്ഷ.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കാനായി തെര്‍മല്‍ സ്‌കാനറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ ശരീര ഊഷ്മാവ് ഉയര്‍ന്ന നിലയിലുള്ളവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ തുടര്‍ പരിശോധനയ്ക്ക് അയയ്ക്കൂ. വിദേശത്തു നിന്നെത്തുന്നവരുടെ വിവരങ്ങള്‍ അപഗ്രഥിക്കാനാവശ്യമായ ഉപകരണങ്ങള്‍ ക്രമീകരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. നിലവില്‍ തുറമുഖത്ത് തെര്‍മല്‍ സ്‌കാനിങ്ങ് സംവിധാനമില്ലെങ്കിലും ഉടന്‍ തന്നെ ലഭ്യമാക്കും. വിമാനത്താവളത്തിലെയും തുറമുഖത്തെയും കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഹനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. വിദേശത്തു നിന്നെത്തുന്നവരെ താമസിപ്പിക്കാനുള്ള നിരീക്ഷണ കേന്ദ്രങ്ങളും ജില്ലയില്‍ സജ്ജമാണ്. ജില്ലയിലാകെ നാലായിരം വീടുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും അറ്റാച്ച്ഡ് ബാത്ത്‌റൂം സംവിധാനവുമുള്ള വീടുകള്‍ മാത്രമേ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. മുമ്പ് ഗ്രാമപഞ്ചായത്തുകളില്‍ മാത്രം നാലായിരത്തിലധികം വീടുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും അസൗകര്യങ്ങള്‍ മൂലം നിരവധി വീടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഗ്രാമപഞ്ചായത്ത് പരിധിയില്‍ രണ്ടായിരത്തി ഇരുനൂറ് വീടുകളും മുന്‍സിപ്പാലിറ്റി പരിധിയില്‍ രണ്ടായിരം വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമെ ഹോട്ടലുകളിലും ഹോസ്റ്റലുകളിലും വിദേശത്തു നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാനാണ് ജില്ല ഭരണകൂടം ശ്രമിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി ഡബിള്‍ ചേംബര്‍ ടാക്‌സി കാറുകളും തയ്യാറാക്കിയിട്ടുണ്ട്.