ഇടുക്കി ജില്ലയെ ബാലസൗഹൃദ പദവിയിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതിയുടെയും തൃശൂര്‍ കിലയുടെയും ആഭിമുഖ്യത്തില്‍ ശില്പപശാല നടത്തി. ജില്ലാകലക്ടര്‍ ജി.ആര് ഗോകുല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്. ഹരി അധ്യക്ഷത വഹിച്ചു. ബാലസൗഹൃദ തദ്ദേശഭരണം എന്ന വിഷയത്തില്‍ കില ഫാക്കല്‍റ്റിയായ ഭാസ്കരന് പള്ളിക്കരയും വിവരശേഖരണത്തില്‍ കെ.ജി.സജീവ്( മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍), തുടര്‍പ്രവര്‍ത്തനം കെ.ജെ.കോശി (മുന്‍ ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍) എന്നിവര്‍ ക്ലാസുകള്‍ എടുത്തു. അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ട് മാത്രമേ ബാലസൗഹൃദ ജില്ലയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കൂയെന്ന് ശില്‍പ്പശാലയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്, കുമാരമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ചിന്നമ്മ ടീച്ചര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഷീല കെ.കെ. തുടങ്ങിയവര്‍ സംസാരിച്ചു.
