എറണാകുളം: കാർഷിക പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് തന്നെ ശക്തമായ ഇടപെടലുകൾ നടത്തുന്ന പഞ്ചായത്താണ് എറണാകുളം ജില്ലയിലെ വടക്കേക്കര. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വ്യാപിപ്പിക്കുവാൻ പാട്ടക്കൃഷിയെക്കൂടി പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത്. 50 കുടുംബങ്ങൾ ചേർന്ന് സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഭാഗമാകുന്നതിനായി ഏക്കർ കണക്കിന് പാട്ടക്കൃഷിക്ക് തുടക്കമിട്ടത് ശ്രദ്ധേയമാകുന്നു.
വടക്കൻ പറവൂരിലെ കട്ടത്തുരുത്ത് പ്രദേശത്താണ് സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷിക്ക് തുടക്കമിട്ടത്. പറവൂർ എംഎൽഎ വി.ഡി സതീശൻ സുഭിക്ഷ കേരളം പാട്ടക്കൃഷി പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത്, കൃഷിഭവൻ, സഹകരണ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, മത സ്ഥാപനങ്ങൾ, കൃഷി ഗ്രൂപ്പുകൾ, യുവജന പ്രസ്ഥാനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി പഞ്ചായത്തിൽ സ്വന്തമായി ഭൂമിയുള്ള സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവയെ കൂട്ടിയോജിപ്പിച്ച് വിവിധ പച്ചക്കറികൾ ലോക്ക് ഡൗൺ കാലത്ത് കൃഷി ചെയ്യാൻ തീരുമാനിച്ചതോടൊപ്പമാണ് പാട്ടക്കൃഷിക്കും മുൻതൂക്കം നൽകിയിട്ടുള്ളത്.
സംസ്ഥാനത്തു തന്നെ മാതൃകയായേക്കാവുന്ന പാട്ടക്കൃഷിക്കായി 50 കുടുംബങ്ങൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിച്ചു. അത് വഴി 50 രൂപ ഓരോ കുടുംബത്തിൽ നിന്നും മൂലധനം സ്വരൂപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. തരിശായും കാട് പിടിച്ചും കിടന്ന സ്ഥലങ്ങൾ ട്രാക്ടറുകളുടെ സഹായത്തോടെ വൃത്തിയാക്കി നിലമൊരുക്കി. വടക്കേക്കര കൃഷി ഭവൻ സൗജന്യമായി നടീൽ വസ്തുക്കളും വിത്തുകളും നൽകിയും സബ്‌സിഡി നിരക്കിൽ ജൈവ വളങ്ങളും ജൈവ കീടനാശിനികളും നൽകിയും കൃഷിക്കാവശ്യമായ വിദഗ്ധ ഉപദേശങ്ങൾ നൽകിയും പദ്ധതിക്ക് ഉണർവ്വേകുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയുടെ കൃഷി ആരംഭിക്കുകയാണ്. വൈകാതെ കടത്തുരുത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് പാട്ടക്കൃഷി വ്യാപിപ്പിക്കും.
വടക്കേക്കരയെ എറണാകുളം ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ജൈവ കൃഷിയിൽ ചിട്ടയായ പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നത്. പഞ്ചായത്തിലെ തുടർന്നുള്ള കാർഷിക പ്രവർത്തനങ്ങൾ സുഭിക്ഷ കേരളം പദ്ധതിയുടെ പേരിലായിരിക്കും ഇനി ലേബൽ ചെയ്യപ്പെടുക.
വടക്കേക്കര കമ്മിറ്റി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്‌സി സനൽകുമാർ, പഞ്ചായത്ത് അംഗം എം.ഡി മധുലാൽ, കൃഷി ഓഫീസർ എൻ.എസ് നീതു, കൃഷി അസിസ്റ്റൻ്റ് എസ്. ഷിനു, ട്രസ്റ്റ് പ്രസിഡൻ്റ് ശിവൻ, സെക്രട്ടറി ജോൺസൺ കട്ടത്തുരുത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.