യാത്രയാകുന്ന അതിഥി തൊഴിലാളികളുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയായി
കൊല്ലം ജില്ലയില്‍ നിന്നും പശ്ചിമബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്രയാകുന്ന രണ്ടായിരത്തോളം ഇതര സംസ്ഥാനത്തൊഴിലാളികളുടെ കോവിഡ് സ്‌ക്രീനിംഗ് പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ട്രെയിന്‍ യാത്രികരായ 1,400 പേരെയും വിവിധ ബസുകളിലായി യാത്രയാക്കുന്നവരെയുമാണ് സ്‌ക്രീനിംഗിന് വിധേയമാക്കിയത്.
അപ്‌കോ ഖാസി ഔര്‍ ജുക്കാം ഹെ ക്യാ ? (താങ്കള്‍ക്ക് പനിയോ ജലദോഷമോ ഉണ്ടോ?) എന്നു തുടങ്ങുന്ന ലളിതമായ ചോദ്യാവലിയുടെ സഹായത്തോടെ വെര്‍ബല്‍ സ്‌ക്രീനിംഗ് നടത്തുന്നത്. കൂടാതെ പനി അറിയാന്‍ ഫ്‌ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചുള്ള തെര്‍മല്‍ സ്‌കാനിങും നടത്തിയ ശേഷമാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം നല്‍കുന്നത്. ജില്ലാ ലേബര്‍ ഓഫീസിന്റെ സഹായത്തോടെ കൊട്ടിയം, പരവൂര്‍ എന്നിവിടങ്ങളിലായി ഒരാഴ്ച കൊണ്ടാണ് സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയത്.