ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശകളും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും കണക്കിലെടുത്ത് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതർക്ക് നഷ്ടപരിഹാരവും പ്രതിമാസ പെൻഷനും നൽകാൻ ആവശ്യമായ തുകയുടെ അമ്പതു ശതമാനമെങ്കിലും കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

മനുഷ്യാവകാശ കമ്മീഷൻ ശുപാർശയും സുപ്രീംകോടതി നിർദേശവും അനുസരിച്ച് ആശ്വാസധനം നൽകാൻ സംസ്ഥാന സർക്കാരിന് വരുന്ന ബാധ്യത 349 കോടി രൂപയാണ്. ഇതിന്റെ പകുതി തുകയായ 174.5 കോടി രൂപയും അഞ്ചുവർഷത്തേക്ക് പെൻഷൻ നൽകുന്നതിന് ആവശ്യമായ തുകയുടെ പകുതി 25.8 കോടി രൂപയും അടക്കം 200.3 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

എൻഡോസൾഫാൻ ദുരന്തബാധിതരെ സഹായിക്കുന്നതിന് 483 കോടി രൂപയുടെ പദ്ധതി 2012-ൽ തന്നെ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. കേന്ദ്ര സഹായം ആവശ്യപ്പെട്ട് 2017 ഫെബ്രുവരി 14, ഒക്ടോബർ 30 തീയതികളിൽ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. എന്നാൽ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

ദുരന്തബാധിതരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ ഉയർന്ന പരിഗണനയാണ് നൽകുന്നത്. അവർക്ക് ആശ്വാസമെത്തിക്കാനും അവരെ നല്ലനിലയിൽ പുനരധിവസിപ്പിക്കാനും സർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശ പ്രകാരം അർഹരായ ദുരന്തബാധിതർക്ക് അഞ്ചുലക്ഷം രൂപ വീതം നൽകി. മരിച്ചവരുടെയും മാനസികവൈകല്യം നേരിട്ടവരുടെയും കിടപ്പിലായവരുടെയും കുടുംബങ്ങൾക്കാണ് അഞ്ചുലക്ഷം വീതം നൽകിയത്. മറ്റു ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് മൂന്ന് ലക്ഷം വീതം നൽകി. അതിന് പുറമെ ദുരന്തബാധിതരുടെ പട്ടികയിലുളള കാൻസർ രോഗികൾക്ക് മൂന്നു ലക്ഷം രൂപ വീതം അനുവദിച്ചു.

ദുരന്തബാധിതരായ 4,376 പേർക്ക് 2,200 രൂപ, 1,700 രൂപ, 1,200 രൂപ എന്ന തോതിൽ സംസ്ഥാന സർക്കാർ പ്രതിമാസ പെൻഷൻ നൽകുന്നുണ്ട്. കിടപ്പിലായവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ അലവൻസും നൽകുന്നു. ഇതിന് പുറമെ ബഡ്സ് സ്‌കൂളിൽ ഏഴാംതരം വരെയുളളവർക്ക് 2,000 രൂപയും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് 3,000 രൂപയും ഹയർസെക്കന്ററിക്കാർക്ക് 4,000 രൂപയും പ്രതിവർഷ സ്‌കോളർഷിപ്പും അനുവദിച്ചിട്ടുണ്ട്.

ദുരന്തബാധിതർക്ക് കടാശ്വാസം നൽകുന്നതിനും സർക്കാർ നടപടി എടുത്തിട്ടുണ്ട്. ഇതനുസരിച്ച് 2011 ജൂൺ 30 നോ അതിന് മുമ്പോ 3 ലക്ഷം രൂപ വരെ വായ്പയെടുത്തവർ കടബാധ്യതയിൽ നിന്ന് ഒഴിവാകും. കേരളത്തിലെയും കർണാടകത്തിലെയും 17 പ്രധാന ആശുപത്രികളിൽ ദുരന്തബാധിതർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനും തീരുമാനിച്ചു. മൊബൈൽ മെഡിക്കൽ യൂണിറ്റുകളും ഡയാലിസിസ് കേന്ദ്രവും അനുവദിച്ചു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, കൗൺസലിങ് എന്നിവക്കുളള സൗകര്യവും ഏർപ്പെടുത്തി. എൻഡോസൾഫാൻ ദുരന്തം ബാധിച്ച 11 പഞ്ചായത്തുകളിൽ 200 കോടി രൂപ ചെലവിൽ 236 പദ്ധതികൾ നടപ്പാക്കുന്നതിന് ഭരണാനുമതി നൽകിക്കഴിഞ്ഞു.

ദുരന്തബാധിതരെ സഹായിക്കാനും പുനരധിവസിപ്പിക്കാനും കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്രം മതിയായ സാമ്പത്തിക പിന്തുണ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിനോട് അസന്ദിഗ്ദമായി ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദുരന്തബാധിതർക്ക് ആശ്വാസം നൽകാനും അവരെ പുനരധിവസിപ്പിക്കാനുമുളള ചുമതല സംസ്ഥാന-കേന്ദ്ര സർക്കാരുകളെ സംയുക്തമായാണ് മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും ഏല്പിച്ചത്. എന്നിട്ടും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. നാഷണൽ ഹെൽത്ത് മിഷൻ വഴി കഴിഞ്ഞ ആറു വർഷമായി ലഭിക്കുന്ന സഹായം തീർത്തും നിസ്സാരമാണ്. ഇതെല്ലാം കണക്കിലെടുത്ത് ഈ പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും മതിയായ ധനസഹായം അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.