വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ദേശീയ റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്നതിന് 12 കിലോമീറ്റർ പാത നിർമ്മിക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും കൊങ്കൺ റെയിൽവെയും ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പിട്ടത്.

വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവെ സ്റ്റേഷനുമായി ബന്ധിപ്പിക്കാനാണ് പാത നിർമ്മിക്കുന്നത്. 2022 മെയ് മാസം പാത പൂർത്തിയാകും. 555 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്. 12 കി. മീറ്റർ പാതയിൽ എട്ടു കിലോമീറ്ററോളം തുരങ്കങ്ങളിലൂടെയായിരിക്കും. 30 ഏക്ര ഭൂമിയാണ് ഇതിനുവേണ്ടി ഏറ്റെടുക്കുന്നത്. റെയിൽവെ മന്ത്രാലയത്തിന് കീഴിലുളള റെയിൽ വികാസ് നിഗം ലിമിറ്റഡുമായി നേരത്തെ ഈ പദ്ധതിക്കുവേണ്ടി ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാൽ വിവിധ പദ്ധതികളുടെ തിരക്കുകാരണം ആർ.വി.എൻ.എൽ. ഇതിൽനിന്ന് പി•ാറിയ സാഹചര്യത്തിലാണ് ടണൽ നിർമ്മാണത്തിൽ മികവ് തെളിയിച്ച കൊങ്കൺ റെയിൽവെ കോർപ്പറേഷനെ ഇതിന് ചുമതലപ്പെടുത്താൻ തീരുമാനിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കു വേണ്ടി മാനേജിങ് ഡയറക്ടർ ഡോ. ജയകുമാറും കൊങ്കൺ റെയിൽവെ കോർപ്പറേഷനുവേണ്ടി സി.എം.ഡി സഞ്ജയ് ഗുപ്തയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.