കുടുംബശ്രീ സംസ്ഥാന മിഷനും ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ശില്‍പശാല കൊല്ലം പബ്ലിക് ലൈബ്രറി സോപാനം ഹാളില്‍ തുടങ്ങി. കവി കരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതാനുഭവങ്ങളുടെ എഴുത്തിന് സാഹിത്യത്തില്‍ മൂല്യമേറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാഷയുടെ പ്രയോഗത്തില്‍ ലളിതമായ ശൈലി സ്വീകരിക്കുവാന്‍ കുടുംബശ്രീയിലെ എഴുത്തുകാര്‍ക്ക് കഴിയണം. കേരളത്തിലെ സ്ത്രീ മുന്നേറ്റത്തില്‍ കാതലായ മാറ്റം വരുത്താന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുരീപ്പുഴ അഭിപ്രായപ്പെട്ടു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് മുഖ്യാഥിതിയായി. കുടുംബശ്രീ പി.ആര്‍.ഒ ജയന്തി നരേന്ദ്രന്‍ അധ്യക്ഷയായി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു, ഡോ. റ്റി. ബിജു, കെ.എസ്. ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ശില്പശാലയില്‍ ജില്ലയിലെ തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍, ത്രിതല സംവിധാനത്തിലെ മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍, മികച്ച സംരംഭകര്‍, കലാസാഹിത്യ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച കുടുംബശ്രീ അംഗങ്ങള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന കുടുംബശ്രീ ഓര്‍മ്മ പുസ്തകം  തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാതലത്തില്‍ സാഹിത്യ രചനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍ അനുഭവങ്ങളും കര്‍മ്മ രംഗത്തെ പ്രതിസന്ധികളും, അതിജീവനവും ഇതിന്റെ ഭാഗമായി രേഖപ്പെടുത്തും. സംസ്ഥാനാടിസ്ഥാനത്തില്‍ ലഭിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകള്‍ ഉള്‍പ്പെടുത്തിയാണ് ഓര്‍മ്മ പുസ്തകം പ്രസിദ്ധീകരിക്കുക.