അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടര്‍ തൊഴില്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ലേബര്‍ കമ്മീഷണറായി ചുമതലയേറ്റു. 2016-ലെ സെലക്റ്റ് ലിസ്റ്റില്‍ നിന്നും ഐഎഎസിന് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തെ കാബിനറ്റ് തീരുമാനപ്രകാരം ഇക്കഴിഞ്ഞ 16-നാണ് ലേബര്‍ കമ്മീഷണറായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
നിലവില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) ആയ ഇദ്ദേഹം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് നടപ്പിലാക്കിയ ആവാസ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍, തൊഴില്‍ വകുപ്പിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ നോഡല്‍ ഓഫീസര്‍, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ., അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് സി.ഇ.ഒ., എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ എ.അലക്‌സാണ്ടര്‍ 1990 ല്‍ തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറായി കുന്നംകുളത്ത് ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം, കൊല്ലം അസി.ലേബര്‍ ഓഫീസര്‍, തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലാ ലേബര്‍ ഓഫീസര്‍, തൃശൂര്‍, തിരുവനന്തപുരംഎന്നിവിടങ്ങളില്‍ ജില്ലാ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍ (ആസ്ഥാനം) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ കീഴില്‍ രൂപീകരിച്ച തൊഴില്‍ നിയമ പരിഷ്‌ക്കരണ സമിതി കാലോചിതമായ ഒട്ടേറെ തൊഴില്‍ നിയമ ഭേദഗതികള്‍ ശിപാര്‍ശ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ച ഇദ്ദേഹം
വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പിന്റെ കമ്പ്യൂട്ടറൈസേഷന്‍, സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന്‍ എന്നിവയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ ഇദ്ദേഹം തൊഴില്‍ വകുപ്പിന്റെ വേതന സുരക്ഷാ പദ്ധതി, മികവ് നിര്‍ണയിച്ച് സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്ന പദ്ധതി എന്നിവയ്ക്ക് ചുക്കാന്‍ പിടിച്ചു.
മികച്ച സേവനത്തിനുള്ള അംഗീകാരമായി ഇദ്ദേഹത്തിന് ഒന്നിലേറെ തവണ സര്‍ക്കാരിന്റെ ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചിട്ടുണ്ട്.
ബാങ്ക് ഉദ്യോഗസ്ഥ ടെല്‍മ അലക്സാണ്ടര്‍ ഭാര്യയും ഗവേഷണ വിദ്യാര്‍ത്ഥിയായ ടോമി അലക്സാണ്ടര്‍ മകനും കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിനിയായ ആഷ്മി അലക്സാണ്ടര്‍ മകളുമാണ്.
നിലവില്‍ ലേബര്‍ കമ്മീഷണറായിരുന്ന കെ.ബിജു ഐഎഎസിനെ വ്യവസായ-വാണിജ്യ ഡയറക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്.