കോട്ടയം താലൂക്കിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ ക്രമീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ദുരന്ത പ്രതികരണ മാര്‍ഗരേഖ പൂര്‍ത്തീകരിക്കാന്‍ കോട്ടയം ജവഹര്‍ ബാലഭവനില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മാര്‍ഗരേഖപ്രകാരം ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്‍കൂട്ടി കണ്ടെത്തണം. ക്യാമ്പുകളിലെ വെല്‍ഫയര്‍ ഓഫീസര്‍മാരുടെ പട്ടിക നല്‍കുന്നതിന് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. താലൂക്കിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ അടിയന്തര ഘട്ടത്തില്‍ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഔട്ട്ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച മൂന്നു വള്ളങ്ങള്‍ വീതം സജ്ജമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എയുടെ
പ്രതിനിധി എ.ആര്‍. സുരേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍) ടി.കെ. വിനീത്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.