എറണാകുളം: ജില്ലയിലെ വിവിധ ഫിഷിംഗ് ഹാർബറുകളിൽ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കും. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹാർബറുകളിൽ സ്വീകരിക്കേണ്ട നടപടികൾക്കായുള്ള വിശദമായ മാർഗരേഖ തയ്യാറാക്കാൻ നിർദ്ദേശം നൽകി. ഫിഷറീസ്, പോലീസ്, ആരോഗ്യ വകുപ്പുകൾ സംയുക്തമായി വെളളിയാഴ്ച മുനമ്പം ഹാർബറിൽ പരിശോധന നടത്തും.
സംയുക്ത പരിശോധനാ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ഹാർബറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ ഫിഷറീസ് വകുപ്പ് തയ്യാറാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ ഇടങ്ങളിൽ പരിശോധനകൾ നടത്തും. മറ്റു ജില്ലകളിൽ നിന്നുള്ള തൊഴിലാളികൾ രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ച് ആവശ്യമായ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് എസ്. ശർമ്മ എം.എൽ.എ ആവശ്യപ്പെട്ടു.
കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് .പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ, മത്സ്യവ്യാപാരികൾ എന്നിവർ പങ്കെടുത്തു.
