സമ്പർക്ക സാധ്യതാ മേഖലകളിൽ ഒരാഴ്ച കടകൾ പൂർണ്ണമായി അടയ്ക്കും
കാസർഗോഡ് ജില്ലയിൽ വെള്ളിയാഴ്ച 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.പച്ചക്കറി കടകളിൽ നിന്നും ഒരു പഴവർഗം കടയിൽ നിന്നുമാണ് ഇതിൽ 5 പേർക്ക് കോവിഡ് ബാധിച്ചത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ
കാലിക്കടവ് ഫിഷ് വെജിറ്റബിൾ മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് മാർക്കറ്റ്, കാഞ്ഞങ്ങാട് വെജിറ്റബിൾ മാർക്കറ്റ്, തൃക്കരിപ്പൂർ ഫിഷ് , മീറ്റ് മാർക്കറ്റ് , നിലേശ്വരം ഫിഷ് മാർക്കറ്റ്, കാസർഗോഡ് ഫിഷ് മാർക്കറ്റ് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്, കുമ്പള ഫിഷ് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്, കുഞ്ചത്തൂർ മാട ഫിഷ് മാർക്കറ്റ് , ഉപ്പള ഫിഷ് മാർക്കറ്റ് , ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ് എന്നീ പ്രദേശങ്ങളിൽ ജൂലൈ 10 മുതൽ 17 വരെ പൂർണമായും കടകൾ അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു പ്രഖ്യാപിച്ചു.
കടകളിൽ നിന്നും എത്രപേർക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെ നിന്ന് ഇനി ഒരാൾക്ക് പോലും സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഈ ഉത്തരവ് . വെള്ളിയാഴ്ച വൈകുന്നേരം വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കലക്ടർ ഡോ ഡി. സജിത് ബാബു ജില്ലാ പോലീസ് മേധാവി ഡി ശിൽപ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എം വി രാംദാസ് എന്നിവർ നടത്തിയ അടിയന്തിര യോഗ തീരുമാന പ്രകാരമാണിത്.