പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31, 32 വാര്‍ഡുകളില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണങ്ങളോടെ തുറന്നിടുന്നതിനും മറ്റു പാതകള്‍ പൂര്‍ണമായും അടയ്ക്കുന്നതിനും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ.സതി, വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍, നഗരസഭ സെക്രട്ടറി ബിനിജി എന്നിവര്‍ ഫോണിലൂടെ യോഗത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചു. തഹസീല്‍ദാര്‍ ബീന.എസ്.ഹനീഫ്, ഡിവൈ.എസ്.പി. ബിനു, പന്തളം സി.ഐ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പന്തളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറുടെ ചുമതലയില്‍ മുഴുവന്‍ വീടുകളിലും സര്‍വേ നടത്തി സമ്പര്‍ക്ക പട്ടിക തയാറാക്കും. കടകള്‍ രാവിലെ ഏഴു മുതല്‍ ഒരു മണി വരെ ക്രമീകരണങ്ങളോടെ തുറക്കാം. ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണം. പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഒരോ കേന്ദ്രത്തിലും നിരീക്ഷണത്തിനായി ഉണ്ടാവും സാമൂഹ്യ വ്യാപനം തടയാന്‍ ജനങ്ങള്‍ പൂര്‍ണമനസോടെ സഹകരിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അഭ്യര്‍ഥിച്ചു.