രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങി

സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ആവിഷ്‌ക്കരിച്ച ‘വൈറ്റ് ബോര്‍ഡ്’ പദ്ധതിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളൊരുക്കി ജില്ലയിലെ ബി ആര്‍സികള്‍.

വിക്ടേഴ്‌സ് ചാനല്‍വഴി സംപ്രേക്ഷണം ചെയ്ത പാഠഭാഗങ്ങള്‍ വിവിധ ഭിന്നശേഷി വിഭാഗകാര്‍ക്കായി (കാഴ്ച പരിമിതി, ശ്രവണ പരിമിതി, ബുദ്ധി പരിമിതി, സെറിബ്രല്‍പാള്‍സി, ഓട്ടിസം, പഠനവൈകല്യം) പ്രാദേശിക വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വിദ്യാര്‍ത്ഥികളിലെത്തിക്കുന്ന പദ്ധതിയാണ് വൈറ്റ് ബോര്‍ഡ്.

ഒരു ക്ലാസ് തന്നെ ആറ് വ്യത്യസ്ത ക്ലാസുകളായാണ് അപ് ലോഡ് ചെയ്യുന്നത്.മലയാളം, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ക്ളാസുകള്‍ നല്കുന്നത്.സമഗ്ര ശിക്ഷാ കേരളയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് റിസോഴ്‌സ് അധ്യാപകരും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരും ഡയറ്റ് അംഗങ്ങളും ചേര്‍ന്നാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്.

ഓരോ ബി ആര്‍ സി കള്‍ക്കും എടുക്കേണ്ട ക്ലാസുകള്‍ തരംതിരിച്ച് നല്‍കിയിട്ടുണ്ട്.വൈറ്റ് ബോര്‍ഡ എസ് എസ് കെ എന്ന യൂട്യൂബ് ചാനലിലാണ് ക്ലാസുകള്‍ ലഭ്യമാകുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓരോ വീഡിയോയിലും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി രണ്ട് ഭാഗമായാണ് ക്ലാസുകള്‍.

ബി ആര്‍ സി തലത്തില്‍ റിസോഴ്‌സ് അധ്യാപകര്‍ രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ ഓരോ ഭിന്നശേഷികുട്ടിക്കും അനുയോജ്യമായ പഠനവിഭവങ്ങള്‍ എത്തുന്നു. ഓരോ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുമായി ബി ആര്‍സി തലത്തില്‍ റിസോഴ്സ് അധ്യാപകരുടെ നോതൃത്വത്തില്‍ പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകള്‍ തയ്യറാക്കിയിട്ടുണ്ട്.

യൂട്യൂബില്‍ അപ് ലോഡ് ചെയ്യുന്ന പാഠഭാഗങ്ങളില്‍ ഓരോ കുട്ടിക്കും അനുയോജ്യമായ ക്ലാസുകളുടെ ലിങ്കുകള്‍ ഈ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വഴി കുട്ടികളിലെത്തിക്കുന്നു. ക്ലാസുകളില്‍ നല്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് ഫോട്ടോയായും വീഡിയോ ആയും രക്ഷിതാക്കള്‍ ഗ്രൂപ്പൂകളിലൂടെ ടീച്ചര്‍മാരിലെത്തും.രക്ഷിതാക്കളും, അധ്യാപകരും, റിസോഴ്‌സ് അധ്യാപകരും ഉള്‍പ്പെട്ട ഈ കൂട്ടായ്മ ഓരോ കുട്ടിയ്ക്കും വേണ്ട പഠന പിന്തുണാ സംവിധാനമൊരുക്കുന്നു.

പാഠഭാഗങ്ങള്‍ തിരഞ്ഞെടുത്ത് സ്‌ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല റിയോഴ്സ്സ് അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍. പഠനോപകരണങ്ങള്‍ തയ്യാറാക്കുന്നതും ക്ലാസുകള്‍ ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും ഇവര്‍ തന്നെയാണ്.ഇതിനായി കൈറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി ഏകദിന സാങ്കേതിക പരിശീലനം ക്ലാസ് നല്‍കിയിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കുകയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ക്ലാസുകള്‍ ഷൂട്ട് ചെയ്യും. അഞ്ച് ഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റിങ്് പൂര്‍ത്തീകരിച്ചതായി ഹോസ്ദുര്‍ഗ് ബി ആര്‍ സി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി വി ഉണ്ണിരാജ് പറഞ്ഞു.