തൃശ്ശൂർ  ജില്ലയിലെ ഹയർ സെക്കന്ററി സ്‌കൂൾ കെമിസ്ട്രി ലാബുകളോട് ചേർന്ന് 45 ഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിക്കും. ജല ഗുണനിലവാര പരിശോധനയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പരിശോധന ഉപകരണങ്ങൾ വാങ്ങുന്നതിനുമായി എംഎൽഎമാർ നിയോജക മണ്ഡലത്തിൽ സൗകര്യം ഏർപ്പെടുത്തും. തങ്ങളുടെ വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ചെയ്യും. ഓരോ ലാബിനും ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കുക.

ജില്ലയിൽ കുന്നംകുളം നിയോജകമണ്ഡലത്തിൽ ഏഴ്, ഗുരുവായൂർ എട്ട്, ചാലക്കുടി ഏഴ്, ചേലക്കര ഒൻപത്, ഒല്ലൂർ ആറ്, മണലൂരിൽ എട്ട് എന്നിങ്ങനെ സ്‌കൂളുകളിലാണ് ലാബുകൾ തുടങ്ങുക.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെഐഐഡിസി) നിർമ്മാണ ചുമതല. അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളാണ് ജലപരിശോധന നടത്തുക. സുരക്ഷിതമായ ജലലഭ്യത ഉറപ്പാക്കുക, ജലസ്രോതസ്സുകൾ വീണ്ടെടുക്കുക, കിണറുകൾ വീണ്ടെടുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇതുമായി ബന്ധപ്പെട്ട് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനുള്ള പ്രാഥമിക പരിശോധനാ ലാബാണ് സജ്ജീകരിക്കുക. ഒരു പഞ്ചായത്തിൽ ഒരു ലാബ് എന്നതാണ് ലക്ഷ്യം. പരിശോധന ഫലത്തോടൊപ്പം പരിഹാര നിർദ്ദേശങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കും. ഫലങ്ങൾ പിന്നീട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് കേരളക്ക് നൽകും. ഇത് കൂടുതൽ പഠനങ്ങൾ നടത്തി റിപ്പോർട്ട് ആരോഗ്യവകുപ്പിനും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകും.