ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് രാഷ്ട്രത്തിന്റെ ആദരം അര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് ആദരമേറ്റുവാങ്ങിയ പത്ത് സ്വാതന്ത്ര്യസമര സേനാനികളില്‍ രണ്ടു പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഗോവ വിമോചന സമര നായകരായ കെ.വി.നാരായണന്‍, കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവരെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയ ദേശീയചിഹ്നം പതിച്ച ആശംസമുദ്രയും  അങ്കവസ്ത്രവും ഷാളും അണിയിച്ച് ആദരിച്ചത്. കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ കൂഡ്‌ലുവിലെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ആദരിച്ചു. രാഷ്ട്രപതിയുടെ അഭിനന്ദന സന്ദേശം കൈമാറി.ചടങ്ങില്‍ തഹസില്‍ദാര്‍ എ വി രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, വില്ലേജ് ഓഫീസര്‍ എ പി മുഹമ്മദ് ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.
 കാഞ്ഞങ്ങാട് പടന്നക്കാടെ വീട്ടിലെത്തി കെ വി നാരായണന് എ ഡി എം എന്‍ ദേവീദാസ് രാഷ്ട്രപതിയുടെ ആദരം കൈമാറി അങ്കവസ്ത്രമണിയിച്ച് ആദരിച്ചു.  ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ എ സി അബ്ദുള്‍ സലാം, ജയേഷ് എന്നിവരും സ്വാതന്ത്ര്യസമര സേനാനി കെവി നാരായണന്റെ ഭാര്യ ലക്ഷ്മി,  പ്രദോഷ് എന്നിവരും പങ്കെടുത്തു.
ജില്ലാ കളക്ടര്‍ രണ്ടു സ്വാതന്ത്ര്യസമര സേനാനികളയും അഭിനന്ദനവും ആശംസയും അറിയിച്ചു. രാജ്യത്താകെ 202 സ്വാതന്ത്ര്യ സമര സേനാനികളെയാണ് ഇന്ന് ആദരിച്ചത്.  കോ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആദരം അര്‍പ്പിച്ചത്.
ഗോവന്‍ വിമോചന സമരം മുതല്‍ സാമൂഹിക ഇടപെടലുകള്‍ വരെ
രാജ്യത്തിന്റെ ഒരു തരി മണ്ണ് പോലും വിദേശികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് പറങ്കിപ്പടക്കെതിരേയുള്ള ഗോവന്‍ വിമോചന സമരത്തില്‍ കാസര്‍കോട് നിന്നും പങ്കെടുത്ത ക്യാപ്റ്റന്‍ കെ എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ആദരിച്ചു. ക്വിറ്റിന്ത്യാ ദിനാചരണത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രത്തിന്റെ ആദരമര്‍പ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയ ദേശീയചിഹ്നം പതിച്ച ആശംസാ മുദ്രയും അങ്കവസ്ത്രവും കൈമാറി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഷാള്‍ അണിയിച്ചു. കോവിഡ്19 പ്രോട്ടോകോള്‍ പാലിച്ച് കുഡ്‌ലു വില്ലേജിലെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ നമ്പ്യാരുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ എ വി രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, വില്ലേജ് ഓഫീസര്‍ എ പി മുഹമ്മദ് ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.
ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ക്യാപ്റ്റനായി വിരമിച്ച ഈ 88കാരന്‍ 29 വര്‍ഷം രാജ്യസേവനമനുഷ്ടിച്ചിട്ടുണ്ട്. 1957ല്‍ സൈന്യത്തില്‍ ചേര്‍ന്നമ്പ്യാര്‍ ഇന്ത്യാചൈനാ, ഇന്ത്യാ പാക് യുദ്ധം എിവയിലും പങ്കെടുത്തിട്ടുണ്ട്. തലശ്ശേരിയിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും ജീവിച്ചതും കാസര്‍കോടാണ്. പിതാവ് കാസര്‍കോട് ഹോട്ടല്‍ നടത്തിയിരുന്നതിനാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇങ്ങോട്ടേക്ക് വരുകയായിരുന്നു. മൂന്നാംക്ലാസ് വരെ കാസര്‍കോട് ജിയുപി സ്‌കൂളിലും പിന്നീട് കടപ്പുറം ഫിഷറീസ് സ്‌കൂള്‍, അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളുകളിലും പഠനം നടത്തി. രാജ്യം സ്വതന്ത്ര്യം നേടിയപ്പോള്‍ കാസര്‍കോട് നഗരത്തിലൂടെ നടത്തിയ ഘോഷയാത്രയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി മുന്നിലുണ്ടായിരുന്നു.
 
ഗോവന്‍ വിമോചനസമരത്തിലേക്ക്
അഞ്ച് മുതല്‍ ഏഴ് വരെ കാഞ്ഞങ്ങാട് സര്‍ക്കാര്‍ സ്‌കൂളിലാണ് പഠനം നടത്തിയത്. അവിടെ നിന്നാണ് ഗോവന്‍ വിമോചന സമരത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. കാസര്‍കോട് നിന്നും ഗോവയിലേക്ക് തിരിച്ച നാലുപേരില്‍ ഒരാളായിരുന്നു നമ്പ്യാര്‍. രക്തപങ്കിലമായ സമരത്തില്‍ പറങ്കിപ്പട്ടാളം വിപ്ലവകാരികളൈ വേട്ടയാടി. പിടികൂടിയവരെ കപ്പലില്‍ കയറ്റി നടുക്കടലില്‍ തള്ളി. പട്ടാളത്തിന്റെ ക്രൂരമര്‍ദനത്തില്‍ മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞു. ജയില്‍വാസത്തിന് ശേഷം മഹാരാഷ്ട്രഗോവ നമ്പ്യാരെ അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു. വിമോചന സമരത്തെ പിന്തുണക്കുന്ന വിപ്ലവകാരികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരിച്ചെത്തിയ നാല് സമരക്കാര്‍ക്ക് കാസര്‍കോടും കാഞ്ഞങ്ങാടും പൗരാവലി സ്വീകരണം നല്‍കി.
 
രാജ്യം കാക്കാന്‍ സൈന്യത്തിലേക്ക്
സമരാവേശത്തോടെ കഴിയുന്ന കാലത്ത് യാദൃശ്ചികമായാണ് നമ്പ്യാര്‍ സൈന്യത്തിലേക്കെത്തുന്നത്. കാസര്‍കോട് നഗരത്തിനടുത്ത് നേരത്തെയുണ്ടായിരുന്ന ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലായിരുന്നു റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിരുന്നത്. സമീപത്ത് കൂടെ പോകുമ്പോള്‍ കൗതുകത്തിന് വേണ്ടിയായിരുന്നു സംഭവമെന്താണെന്നാരാഞ്ഞത്. ഓഫീസര്‍ നേരിട്ട് വന്ന് കാര്യം പറഞ്ഞപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ റിക്രൂട്ട്‌മെന്റിന് കയറി. അന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരിലൊരാളായിരുന്നു നമ്പ്യാര്‍. 1957ല്‍ സൈന്യത്തില്‍ പ്രവേശിച്ചു. സിക്കന്തരാബാദിലായിരുന്നു പരിശീലനം. നാഗാലാന്‍ഡ്, ബെംഗളൂരു, വടക്കു കിഴക്കന്‍ അതിര്‍ത്തികള്‍, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയടങ്ങളില്‍ സേവനമനുഷ്ടിച്ചു. ‘ 1961ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ ഗോവന്‍ വിമോചന സമരത്തില്‍  പങ്കെടുത്തിരുന്നു.  ഇന്ത്യാപാക് യുദ്ധത്തില്‍ ലഡാക്കിലും, ഇന്ത്യാപാക് യുദ്ധത്തില്‍ ശ്രീനഗറിലും സേവനമനുഷ്ടിച്ചിരുന്നു. 1985 ഡിസംബര്‍ 31ന് ക്യാപ്റ്റനായാണ് വിരമിച്ചത്.
ജീവിതസമര്‍പ്പണം സാമൂഹികോന്നമനത്തിന്
നാട്ടില്‍ തിരിച്ചെത്തിയിട്ടും അദ്ദേഹം പ്രവര്‍ത്തനം മതിയാക്കിയില്ല. ജില്ലയിലെ സാമൂഹികസാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായി ഇപ്പോഴും ഊര്‍ജസ്വലമാണ്. മദ്യവിരുദ്ധസമിതിയിലും പീപ്പിള്‍സ് ഫോറത്തിലും എക്‌സ് സര്‍വീസ് മെന്‍ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സമാധാനപ്രവര്‍ത്തകരോട് അടുത്തബന്ധമാണ് പുലര്‍ത്തുന്നത്. 1986ല്‍ സൈനികര്‍ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡും റിപ്പബഌക് ദിന അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2013ല്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യം ആദരിച്ച സ്വാതന്ത്ര്യസമരസേനാനികളില്‍ കേരളത്തില്‍നിന്ന് നാലുപേരില്‍ ഒരാളായി ഇദ്ദേഹം ഉണ്ടായിരുന്നു. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് രാജ്യത്തെ ഉന്നതരായ നേതാക്കളുടെ സാന്നിധ്യത്തില്‍ ആദരം ഏറ്റുവാങ്ങി.  ജില്ലാ ഭരണകൂടവും സാമൂഹികസാംസ്‌കാരിക സംഘടനകളുടെ ആദരവുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ഇനിയൊരു സമരമുണ്ടാവുകയാണെങ്കില്‍ ഇറങ്ങിപ്പുറപ്പെടാന്‍ പൂര്‍ണ സജ്ജനാണെന്നും അതിനായി ഏതറ്റവും വരെ പോകാന്‍ തയ്യാറാണെന്നും വിപ്ലവ വീര്യത്തോടെ അദ്ദേഹം പറഞ്ഞു. ഭാര്യ വിജയലക്ഷ്മിയോടൊപ്പം വിശ്രമജീവിതം നയിക്കുന്ന നമ്പ്യാര്‍ കോവിഡ് വ്യാപനകാലത്ത് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനെ ആവശ്യകതയെ കുറിച്ചാണ് വാചാലനാകുന്നത്. ശരിയായ ജീവിതക്രമമുണ്ടെങ്കില്‍ രോഗപ്രതിരോധശേഷി സ്വാഭാവികമായി വന്നു ചേരുമെന്ന് അദ്ദേഹം പറയുന്നു. വിശ്രമ ജീവിതത്തിനിടയില്‍ രണ്ട് പ്രാവശ്യം ഹിമാലയം സന്ദര്‍ശിച്ചിട്ടുണ്ട്.  ഏറ്റവും അവസാനം ആറു മാസം മുമ്പാണ് യമുനോത്രി, ഗംഗോത്രി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ഹരിദാസ്, സുമതി, ശിവദാസ്, സുമിത്ര, വിശ്വദാസ് എന്നിവരാണ് മക്കള്‍. സുജാത, രാജന്‍, ബിന്ദുജ, ഗീത, കരുണാകരന്‍ ( റിട്ടയേഡ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍) എന്നിവര്‍ മരുമക്കളാണ്. ആറ് പേരക്കുട്ടികളുണ്ട്. കേരളത്തില്‍ നിന്ന് ആദരമേറ്റുവാങ്ങിയ പത്ത് സ്വാതന്ത്ര്യസമര സേനാനികളില്‍ രണ്ടു പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. രാജ്യത്താകെ 202 സ്വാതന്ത്ര്യ സമര സേനാനികളെയാണ് ഇന്ന് ആദരിച്ചത്.
പറങ്കികളെ തുരത്താന്‍ ഗോവയിലേക്ക് പട നയിച്ച 
കാസര്‍കോടിന്റെ സ്വന്തം കെ വി
മലബാറില്‍ നിന്നുള്ള ഗോവ വിമോചന സമരനായകന്‍ പറങ്കികളെ തുരത്താന്‍ ഗോവയിലേക്ക് പട നയിച്ച മലയാളികളില്‍ മുന്‍പനായ കെ വി നാരായണന്‍ എന്ന  കെ വി സൗമ്യനായ നേതാവാണ് കാസര്‍കോട്ട്കാര്‍ക്കെന്നും. ഗോവ വിമോചന സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരില്‍ മലബാര്‍ മേഖലയുടെ ജാഥാ ലീഡറായിരുന്നു കാസര്‍കോട് ജില്ലയിലെ പടന്നക്കാട് സ്വദേശി കെ.വി.നാരായണന്‍.   രാജ്യം ക്വിറ്റിന്ത്യാ ദിന സ്മരണയില്‍ രാഷ്ട്രപതിയുടെ പ്രത്യേക അഭിനന്ദന സന്ദേശം നല്‍കി ആദരിച്ച സ്വാതന്ത്ര്യ സമര സേനാനികളില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രണ്ടു പേരില്‍ ഒരാളാണ് 93 വയസുള്ള ഈ ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് .
ഗോവ വിമോചന സമരത്തെ കുറിച്ച് കെവി നാരായണന്‍ ഇങ്ങനെ ഓര്‍മിക്കുന്നു  ‘1955 ആഗസ്റ്റ് 15 ന് ഗോവയില്‍ എത്താനായിരുന്നു അന്ന് വളണ്ടിയര്‍മാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.ആഗസ്റ്റ് ഒമ്പതിന് സമര ജാഥയുടെ ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ ഹാളില്‍ കേരള ഗാന്ധി കെ.കേളപ്പജിയാണ് നിര്‍വഹിച്ചത്. ജാഥ കണ്ണൂരിലെത്തി. അവിടെ നിന്ന് എല്ലാവരും ട്രയിനില്‍ മംഗലാപുരത്തേക്ക് പോയി.  മംഗലാപുരത്ത് നിന്ന് ബല്‍ഗാമിലേക്ക് 30 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ അറുന്നൂറോളം പേര്‍ ജാഥയില്‍ പങ്കെടുത്തു.  മലബാര്‍ മേഖലയുടെ വളണ്ടിയര്‍മാരുടെ ലീഡറായി എന്നെയാണ് തെരഞ്ഞെടുത്തത്.പൊന്നാനിക്കാരന്‍ മുഹമ്മദ് ആയിരുന്നു വൈസ് ക്യാപ്ടന്‍.ആഗസ്റ്റ് 12 ന് ബല്‍ഗാമില്‍ നിന്ന് തുടങ്ങിയ ജാഥ 14 ന് അവിടെ എത്തി.സുരുളി ഗ്രാമത്തില്‍ നിന്ന് ചെറിയ പുഴ കടന്നാണ് ഗോവയില്‍ എത്തേണ്ടത്. പുഴ കടന്ന് ഗോവയില്‍ എത്തിയ ഞങ്ങളെ പോര്‍ച്ചുഗീസ് പോലീസ് അടിച്ച് പരിക്കേല്‍പ്പിച്ചു.  വെടിവെച്ച് ഭയപ്പെടുത്തി. ചാറ്റല്‍ മഴയില്‍ കുതിര്‍ന്ന വളണ്ടിയര്‍മാരില്‍ ഒരു കത്തീഡ്രലിനു മുന്നില്‍ ഒരുമിച്ച് കൂട്ടി വെള്ളം പോലും കുടിക്കാന്‍ തന്നില്ല. ഞങ്ങളിലൊരാള്‍ എന്‍ വി അഹമ്മദ് ചാലില്‍ വീണ് പരുക്കേറ്റു.  പുഴയ്ക്ക് സമീപം എത്തിച്ച സമരവളണ്ടിയര്‍മാരെ ഒറ്റയടി പാതയുടെ ഇരുവശങ്ങളില്‍ നിന്ന് പോലീസുകാര്‍ അടിച്ചോടിച്ചു. ഗോവ സമരം നാട്ടുകാരില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി. പിറ്റേ ദിവസം ബോംബെയില്‍ നിന്ന് മധു ദന്തവാതെ യുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ ഗോവയിലെത്തി. പിന്നെ ഇന്ത്യന്‍ സര്‍ക്കാറിന്റെ പട്ടാള നടപടി പ്രഖ്യാപിച്ചു. പോര്‍ച്ചുഗീസുകാര്‍ ഗോവയെ സ്വതന്ത്രമാക്കി പാലായനം ചെയ്തു.ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഗോവ  മോചന സമരം മാറി. കയ്യില്‍ പൈസയില്ലാത്തതിനാല്‍ റെയില്‍വേ വാറന്റ് വാങ്ങിയാണ് വളണ്ടിയര്‍മാര്‍ നാട്ടിലേക്ക് വന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ അരങ്ങില്‍ ശ്രീധരന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ക്ക് നല്‍കിയ സ്വീകരണം പോര്‍ച്ചുഗീസ് പോലീസിന്റെ കൊടിയ മര്‍ദ്ദനത്തിന്റെ വേദന മറക്കാന്‍ ഞങ്ങള്‍ക്ക് കരുത്തേകി. ‘ ഗോവന്‍ വിമോചന സമരത്തില്‍ പങ്കാളിയായതിന്റെ ധീര സ്മരണകള്‍  അയവിറക്കിയ അദ്ദേഹം ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ടവര്‍ പുതുതലമുറയാണെന്ന് ഓര്‍മിപ്പിച്ചു.
 48 വര്‍ഷമായി ഭൂപണയബാങ്ക് പ്രസിഡണ്ട് 
എന്‍ കെ ബാലകൃഷ്ണനും കെ.ചന്ദ്രശേഖരനും സോഷ്യലിസ്റ്റ് പാതയിലേക്ക് നയിച്ചു.  48 വര്‍ഷമായി ഹൊസ്ദുര്‍ഗ് താലൂക്ക് ഭുപണയബാങ്ക് പ്രസിഡണ്ടാണ്.  1996-97 വര്‍ഷത്തിലും 2000-2001 ലും ഏറ്റവും നല്ല പ്രവര്‍ത്തന ത്തിന് ബാങ്കിന് കേന്ദ്ര സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു.   ഇന്നും സഹകരണ പ്രസ്ഥാനത്തില്‍ സക്രിയമാണ്. സ്വതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുരോഗതിയിലും കൈമുദ്ര ചാര്‍ത്തിയ ഈ കര്‍മയോഗിയക്ക് രാജ്യം നല്‍കുന്നത് അര്‍ഹതയ്ക്കുള്ള ആദരമാണ്.
  1927 ജൂലൈ 17ന് കാഞ്ഞങ്ങാട് ലക്ഷമി നഗറിലെ കിഴക്കെവീട്ടില്‍ പക്കീരന്റെയും നീലേശ്വരം തെരുവത്ത് ഉമ്പിച്ചിയുടേയും മകനായി ജനിച്ച കെ.വി.നാരായണന്‍ ഹൊസ്ദുര്‍ഗില്‍ ടെക്‌സ്‌റ്റൈല്‍ മില്‍ ജോലിക്കാരനായിരുന്നു.കല്യാശേരി ലക്ഷമിപുരം ഹൗസില്‍ ലക്ഷ്മിയാണ് ഭാര്യ.  ആശ, അനില്‍കുമാര്‍ (എറണാകുളം) അരുണ്‍കുമാര്‍ ( എ ന്‍ ജി നീയര്‍ ഖത്തര്‍) എന്നിവര്‍ മക്കളാണ്. മരുമക്കള്‍  പ്രദോഷ് അളോക്കന്‍ (എന്‍ജീനീയര്‍) ഡോ. നിഷ, ദയ