അധിക തുക നല്‍കുമെന്ന് ധനമന്ത്രി
ആലപ്പുഴ: തീരപ്രദേശത്തും കണ്ടെയ്ൻമെൻറ് സോണുകളിലും കോവിഡ് പ്രതിരോധത്തിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പ്രോജക്ട് തയ്യാറാക്കി നടപ്പിലാക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് നിര്‍ദ്ദേശം നല്‍കി. കോവിഡ് പ്രതിരോധത്തിന് ജില്ല പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ഇടപെടീല്‍ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാലുമായി മന്ത്രി കളക്ട്രേറ്റില്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ എ.അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ടി. മാത്യു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി.എബ്രഹാം തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
പ്രോജക്ടുകള്‍ വയ്ക്കുമ്പോള്‍ പരിശോധനാ കിറ്റുകൾ ആവശ്യമാണെങ്കിൽ കൂടുതൽ വാങ്ങാനും അദ്ദേഹം നിർദ്ദേശം നൽകി. നേരത്തെ ജില്ല പഞ്ചായത്ത് 50000 കിറ്റുകള്‍ വാങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നല്‍കിയിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗീകരിച്ച ഒരു പ്രോജക്ടും റദ്ദാക്കേണ്ട കാര്യമില്ലെന്നും കോവിഡുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോജക്ടാണ് രൂപപ്പെടുത്തേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇതിനു ചെലവാക്കുന്ന അധികതുക സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. കോവിഡ് പ്രോജക്ടിന് ജില്ലാപഞ്ചായത്ത് അംഗീകാരം നൽകി കഴിഞ്ഞാൽ ഡി പി സി വഴി പിന്നാലെ അംഗീകാരം ഉറപ്പിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അധിക തുക നൽകാൻ തയ്യാറാണ്. ചെട്ടിക്കാട് കണ്ടെയ്ന്‍മെന്റ് സോണില്‍ ചെയ്തതുപോലെ ജില്ലയുടെ മറ്റിടങ്ങളിലും ജനകീയ ഇടപെടൽ വ്യാപകമാക്കണം.
കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ഗൃഹസന്ദർശനം വഴി ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കണം. ഇതിന് ജില്ലാപഞ്ചായത്ത് നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആംബുലൻസുകൾ ആവശ്യമാണെങ്കില്‍ അതും വാങ്ങണം. സർക്കാർ വലിയ ഇളവാണ് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഇത് വിനിയോഗിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
തീരദേശത്തും കണ്ടെയ്ന്‍മെന്റ് സോണുകളിലും വലിയ രീതിയിലുള്ള ക്യാംപെയിൻ സംഘടിപ്പിക്കേണ്ടതുണെന്ന് മന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി.