നിബന്ധനകള്‍ക്കു വിധേയമായി കണ്ടെയിന്‍മെന്റ് സോണുകളിലെ പൊതുവിതരണ കേന്ദ്രങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.

റേഷന്‍ കടകള്‍
കണ്ടെയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകള്‍ രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ഇവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് റേഷന്‍ കാര്‍ഡിന്റെ  അവസാന അക്കത്തിന്റെയോ വാര്‍ഡിന്റെയോ അടിസ്ഥാനത്തില്‍ വിതരണം ക്രമീകരിക്കണമെന്നാണ് നിർദേശം. റേഷന്‍കടയിലും പരിസരത്തും സാമൂഹിക അകലം, മാസ്‌ക് ധാരണം, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കൊവിഡ് മാര്‍ഗ്ഗ നിര്‍ ദേശങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം.

വ്യാപാര സ്ഥാപനങ്ങള്‍
കണ്ടെയിന്‍മെന്റ്  സോണുകളിലെ വ്യാപാര സ്ഥാപനങ്ങള്‍, ഓണച്ചന്തകള്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ തുടങ്ങിയവ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തുറക്കാം. എന്നാല്‍ സാധനങ്ങൾ  ഹോം ഡെലിവറിയായി മാത്രമേ വിതരണം ചെയ്യാൻ അനുമതിയുള്ളൂ.  ഇതിനായി സ്ഥാപനങ്ങള്‍ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിന് സ്വകാര്യ ഏജന്‍സികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്താം. കണ്ടെയ്‌മെന്റ് സോണില്‍പ്പെട്ടവര്‍ വീടിന് പുറത്ത് പോയി സാധനങ്ങള്‍ വാങ്ങുന്നതിന്  അനുമതിയില്ല. ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കൈക്കൊള്ളണമെന്നും നിർദേശമുണ്ട്.

സഹകരണ ബാങ്കുകള്‍
സഹകരണ ബാങ്കുകള്‍ പരിമിതമായ ജീവനക്കാരെ ഉപയോഗപ്പെടുത്തി 10  മുതല്‍ ഒരു മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ ഇടപാടുകാരെ ബാങ്കിലേക്ക് പ്രവേശിപ്പിക്കാതെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഇടപാടുകാരുടെ വീടുകളില്‍ എത്തിച്ച് നല്‍കേണ്ടതാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ മുഖാന്തിരം അറിയുന്നതിന് ആവശ്യമായ ഫോണ്‍ നമ്പറുകള്‍ ബാങ്കുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

മറ്റു ബാങ്കുകള്‍
മറ്റ് ബാങ്കുകളും രാവിലെ 10  മുതല്‍ ഒരു മണി വരെ ഇടപാടുകാരെ പ്രവേശിപ്പിക്കാതെ അടിയന്തിര പ്രധാന്യമുള്ള മറ്റ് ഔദ്യോഗിക നിര്‍വ്വഹണങ്ങള്‍ക്കായി പരിമിതമായ ജീവനക്കാരെ മാത്രം ഉപയോഗപ്പെടുത്തി തുറന്ന് പ്രവര്‍ത്തിപ്പിക്കാം. സ്വര്‍ണ പണയവുമായി ബന്ധപ്പെട്ട ഇടപാടുകാര്‍ക്ക് മാത്രം  മുന്‍കൂട്ടി സമയം അനുവദിച്ച്  ഇടപാട് നടത്താം. അത്തരം ഇടപാടുകാരുടെ പേര് വിവരങ്ങള്‍ മുന്‍കൂട്ടി ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കൈമാറേണ്ടതാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ മുഖാന്തിരം അറിയുന്നതിന് ആവശ്യമായ ഫോണ്‍ നമ്പറുകള്‍ ബാങ്കുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ വരാതെ  സേവനം ലഭ്യമാകുന്നതിന് ഓണ്‍ലൈന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്.