അക്വാകള്‍ച്ചര്‍ വഴി മത്സ്യ ഉല്‍പാദനം 25,000 മെട്രിക് ടണ്ണില്‍ നിന്ന് 1.5 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘സുസ്ഥിര ജലകൃഷി’ എന്ന വിഷയത്തില്‍ ഫിഷറീസ് വകുപ്പും ഫിഷറീസ് സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തിയ ദേശീയ വെബിനാറിന്‍റെ ഉദ്ഘാടനവും സ്റ്റാന്‍റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിന്‍റെ പ്രകാശനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഭിക്ഷകേരളം പരിപാടിയിലൂടെ കൃഷി, പാല്‍, കോഴി, മത്സ്യബന്ധനം എന്നീ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഉള്‍നാടന്‍ മത്സ്യങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന്
4 കോടിയിലധികം മത്സ്യവിത്തുകള്‍ ഉള്‍നാടന്‍ ജലാശയങ്ങളിലും റിസര്‍വോയറുകളിലും നിക്ഷേപിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു.
സംസ്ഥാനത്ത് ഗണ്യമായ അളവില്‍ മത്സ്യ ഉല്‍പാദനം നടക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ആവശ്യകത കാരണം പ്രതിവര്‍ഷം ഒന്നര ലക്ഷം ടണ്‍ മുതല്‍ രണ്ട് ലക്ഷം ടണ്‍ വരെ മത്സ്യങ്ങളുടെ കുറവുണ്ട്. സാധാരണ ഈ കുറവ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെ നികത്തും. എന്നാല്‍ പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്‍റെ വരവിനെ ബാധിച്ചു. മത്സ്യത്തില്‍ ഗുരുതരമായ രീതിയില്‍ മായം കലര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് ഉള്‍നാടന്‍ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ജലജീവികളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗരേഖ രാജ്യത്ത് ആദ്യമായി ഇറക്കുന്നത് കേരളമാണ്.
കോവിഡാനന്തര ലോകത്തെ ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിന് അക്വാകള്‍ച്ചര്‍ രംഗത്ത് കൂടുതല്‍ മാതൃകകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാര്‍ നടത്തിയത്. ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും സംബന്ധിച്ചു.