അട്ടപ്പാടി മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എൻ. ഷംസുദ്ദീൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ അട്ടപ്പാടി ഐ. ടി. ഡി.പി. ഓഫീസിൽ അവലോകനയോഗം ചേർന്നു.
വരും ദിവസങ്ങളിൽ അട്ടപ്പാടി മേഖലയിൽ പനി, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ അഗളി സി.എച്ച്.സി.യിലെ ചികിത്സാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും ഗുരുതര രോഗങ്ങൾ, സർജറി ആവശ്യമായ കേസുകൾ, പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി പരിമിതപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. പുറത്തു നിന്നുള്ളവർ അനാവശ്യമായി അട്ടപ്പാടിയിലേക്ക് വരുന്നതിന് വിലക്ക് തുടരും.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കാളിയമ്മ, അഗളി ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ജാക്കിർ, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ പി.വാണിദാസ് , അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. പ്രഭുദാസ്, അഗളി പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ജൂഡ് ജോസ് തോംസൺ, ടി.ഇ.ഒ.മാരായ ജയൻ നാലുപുരക്കൽ, എ. അജീഷ്, എസ്. സുദീപ് കുമാർ എന്നിവർ പങ്കെടുത്തു.