കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കാസര്‍കോട് ജില്ല ആരംഭിച്ച് പിന്നീട് കേരളം മുഴുവന്‍ വ്യാപിപ്പിച്ച മാഷ് പദ്ധതി ഇനി റേഡിയോയിലൂടെ അറിയാം. ബേഡഡുക്ക പഞ്ചായത്ത് ജാഗ്രതാ സമിതിയും മാഷ് പദ്ധതിയും സംയുക്തമായാണ് മാഷ് റേഡിയോ പരിപാടി സംഘടിപ്പിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുന്ന മാഷ് പദ്ധതിക്ക് പുതിയ മുഖം നല്‍കിയിരിക്കുകയാണ് ബേഡഡുക്ക പഞ്ചായത്ത്. ആകാശവാണി വാര്‍ത്താ ബുള്ളറ്റിനുകള്‍ക്ക് സമാനമായി ദിവസവും രാത്രി ഒന്‍പതിന് മാഷ് റേഡിയോയില്‍ വാര്‍ത്തകള്‍ ലഭ്യമാകും.

ഓരോ വാര്‍ഡുകളിലും ചുമതലയുള്ള അധ്യാപകര്‍ നല്‍കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് വാര്‍ത്താ രൂപത്തില്‍ പഞ്ചായത്തിനകത്തെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, സ്‌കൂള്‍ കുട്ടികള്‍ തുടങ്ങിയവര്‍ വാര്‍ത്തകള്‍ വായിക്കും. ടെക്നിക്കല്‍ വിഭാഗത്തിലെ പ്രവര്‍ത്തകര്‍ നേരത്തേ തയ്യാറാക്കിയ മ്യൂസിക്കിനൊപ്പം വാര്‍ത്തകള്‍ ചേര്‍ത്ത് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് നല്‍കും. പഞ്ചായത്ത് പ്രസിഡന്റ്, മാഷ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍, സി.ഐ, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അടങ്ങിയ ഗ്രൂപ്പില്‍ നിന്നും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബ്ബ് പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്കും അവിടെ നിന്ന് ജനങ്ങളിലേക്കും വാര്‍ത്തകള്‍ നല്‍കും.
പഞ്ചായത്തിലെ 17 വാര്‍ഡിലേയും ജാഗ്രതാ സമിതിയും ഓരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്ന അധ്യാപകരുമാണ് വിവരങ്ങള്‍ നല്‍കുന്നത്. മാസ്‌ക്ധരിക്കാത്തവര്‍ക്കെതിരെ എടുത്ത കേസുകള്‍, പഞ്ചായത്ത് പരിധിയിലെ കോവിഡ് ബാധ, വിവിധ ഇടങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ മാഷ് റേഡിയോയില്‍ വാര്‍ത്തയാകും.
പദ്ധതി മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. അഞ്ച് ദിവസം പിന്നിടുന്ന പരിപാടിക്ക് പഞ്ചായത്തിനകത്ത് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമയം അല്‍പം വൈകിയാല്‍ നാട്ടുകാര്‍ അന്വേഷിച്ച് വിളിച്ചു തുടങ്ങുന്ന രീതിയിലേക്ക് സ്വീകാര്യത ലഭിച്ചു തുടങ്ങിയെന്ന് ബേഡഡുക്ക പ്രസിഡന്റ് അഡ്വ. സി. രാമചന്ദ്രന്‍ പറഞ്ഞു.പദ്ധതി ഐ ഇ സി ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു.