കുമളി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട പത്തുമുറി – കാഞ്ഞിരംപടി റോഡ് തുറന്നു. പ്രദേശവാസികളുടെ നാളുകളായുള്ള സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.റോഡ് നിര്‍മ്മാണം ദുഷ്ക്കരമായ പ്രദേശത്ത് ലഭിച്ച ജനപങ്കാളിത്തമാണ് പുതിയ റോഡിന്റെ പിറവിക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് നിര്‍വ്വഹിച്ചു.റോഡ് നിര്‍മ്മാണത്തിന് ലഭിച്ച ജനപങ്കാളിത്തം വലുതായിരുന്നെന്നും ഒന്നും രണ്ടുംഘട്ട നിര്‍മ്മാണ ജോലികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും മൂന്നാംഘട്ട നിര്‍മ്മാണ ജോലികള്‍ ഉടൻ നടക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം സണ്‍സി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണ ജോലികള്‍ നടന്നത്. പ്രദേശവാസികള്‍ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടു നല്കാന് തയ്യാറായതോടെയായിരുന്നു രണ്ട് അടി വീതി മാത്രമുണ്ടായിരുന്ന നടപ്പു വഴി 16 അടി വീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ സാഹചര്യമൊരുങ്ങിയത്. തുടര്‍ന്ന് നിര്‍മ്മാണ ജോലികളില്‍ പഞ്ചായത്ത് ഇടപെടല്‍ നടത്തി. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തി ആദ്യഘട്ട കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപാ കൂടി വകയിരുത്തി രണ്ടാം ഘട്ട കോണ്‍ക്രീറ്റ് ജോലികളും പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ടമായി ഏകദേശം 20 ലക്ഷത്തോളം രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി ശേഷിക്കുന്ന കോണ്‍ക്രീറ്റ് ജോലികള്‍ക്കായി വിനിയോഗിക്കും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡ് ഗതാഗതത്തിനായി തുറന്നു നല്കി. പഞ്ചായത്തംഗം സണ്‍സി മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ 35ഓളം കുടുംബങ്ങള്‍ക്ക് പുതിയ റോഡിന്റെ പ്രയോജനം ലഭിക്കും.
