എറണാകുളം : ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവാണ് പുതുതലമുറക്ക് വേണ്ടതെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയൻ അഭിപ്രായപ്പെട്ടു. വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ ‘കാവലാൾ ‘ എറണാകുളം ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിയുടെ സ്വാധീനം വരും തലമുറയെ നശിപ്പിക്കാതിരിക്കാൻ കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഇതിനായി സമൂഹം ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസി.എക്സൈസ് കമ്മീഷണർ ആന്റ് വിമുക്തി ജില്ലാ മാനേജർ ജി.സജിത്കുമാർ ആമുഖ പ്രഭാഷണം നടത്തി. ഹയർ സെക്കണ്ടറി എൻ.എസ്.എസ്. സംസ്ഥാന കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ മുഖ്യാതിഥിയായി. എൻ.എസ്.എസ് മധ്യമേഖലാ കോർഡിനേറ്റർ പി.ഡി.സുഗതൻ, ജില്ലാ കോർഡിനേറ്റർ പി.കെ.പൗലോസ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ പിഎ. വിജയൻ ക്ലാസ് നയിച്ചു.

വിദ്യാർത്ഥികളിൽ ലഹരി വർജന- പ്രതിരോധ ശീലം വളർത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. തേവര എസ്.എച്ച്, പൂത്തോട്ട കെ.പി.എം.എച്ച്എസ്.എസ് സ്കൂളുകളാണ് ഉദ്ഘാടന വെബിനാറിൽ പങ്കെടുത്തത്. തുടർ ദിവസങ്ങളിൽ ജില്ലയിലെ 102 ഹയർ സെക്കണ്ടറി സ്കൂളുകളിലും വെബിനാർ നടത്തും. ഇതു വഴി അയ്യായിരത്തോളം ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ പ്രാരണം എത്തിക്കുകയാണ് ലക്ഷ്യം.

ഫോട്ടോ :
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ വെബിനാറിന്റെ ജില്ലാ തല ഉദ്ഘാനം ഐ.എം.വിജയൻ നിർവഹിക്കുന്നു.