കൃഷി മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു
തൃശൂർ: കോർപറേഷൻ പരിധിയിലെ മൂന്നാമത്തെ ഒ ഡബ്ല്യൂ സി (ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ) പ്ലാന്റിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷയായി. മാലിന്യ സംസ്കരണത്തിന് ആവശ്യമായ യന്ത്രങ്ങൾ ഉൾപ്പെടെ ഒരു കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. നഗരത്തിലെ മാലിന്യസംസ്കരണം ഒരു പ്രധാനപ്രശ്നമായിരുന്നു. അത് പരിഹരിക്കാന്‍ 2016ലെ സംസ്ഥാന സര്‍ക്കാരിന്റെ ഖരമാലിന്യസംസ്കരണ നിയമവും കേന്ദ്രസര്‍ക്കാരിന്റെ ഖരമാലിന്യ സംസ്കരണ നിയമവും അടിസ്ഥാനപ്പെടുത്തി കൗണ്‍സില്‍ ഒരു മാലിന്യസംസ്കരണ നയം തന്നെ രൂപീകരിച്ചു. ഉറവിടത്തില്‍ത്തന്നെ മാലിന്യം സംസ്കരിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. അതിനായി നിരവധി ബോധവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കി തൃശൂര്‍ നഗരത്തെ ക്ലീന്‍സിറ്റിയാക്കി. വീടുകളില്‍ സംസ്കരിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ സോണല്‍ അടിസ്ഥാനത്തില്‍ വികേന്ദ്രീകരിച്ച് ജൈവ വളമാക്കുന്ന ഒ ഡബ്ല്യൂ സി പ്ലാന്റുകള്‍ വിജയകരമായി ശക്തനിലും കുരിയച്ചിറയിലും പ്രവര്‍ത്തിച്ചുവരുന്നു. മൂന്നാമത്തെ പ്ലാന്റ് ആണ് കോവിലകത്തുംപാടത്ത് നിര്‍മ്മാണം പൂർത്തീകരിച്ചത്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി നിർമ്മാണം പൂർത്തീകരിച്ച കരാറുകാരായ ഡോൺസനെയും പി വി നസീറിനെയും ആദരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.എല്‍. റോസി, ശാന്ത അപ്പു, ഡി.പി.സി. മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാട, അനൂപ് കരിപ്പാല്‍, സതീഷ് ചന്ദ്രന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.