നൂറ് ദിന കർമ പരിപാടികളുടെ ഭാഗമായി 1451 കോടി രൂപ മുതൽ മുടക്കിൽ 189 റോഡുകളാണ് മൂന്നു മാസത്തിനിടെ ഗതാഗത യോഗ്യമാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി പാലക്കാട് പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ തൂത ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനർനിർമാണ പ്രവൃത്തി വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡ് ഉൾപ്പെടെ ഗതാഗതത്തിനായി തുറന്നു നൽകി. ആലപ്പുഴ ചങ്ങനാശേരി എലിവേറ്റഡ് ഹൈവേ, ശംഖുമുഖം എയർപോർട്ട് റോഡ്, പെരുമ്പിലാവ് നിലമ്പൂർ റോഡ്, കൊയിലാണ്ടി എടവണ്ണ റോഡ് തുടങ്ങി നിരവധി റോഡുകളുടെ നിർമാണത്തിന് രണ്ടാഴ്ചയ്ക്കിടയിൽ തുടക്കമിട്ടു. 158 കിലോമീറ്റർ കെ. എസ്. ടി. പി റോഡ്, കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ ഉൾപ്പെടെ 21 പാലങ്ങൾ, 671 കോടി മുതൽമുടക്കുള്ള 41 കിഫ്ബി പദ്ധതികൾ എന്നിവയുടെ നിർമാണവും ഉടൻ പൂർത്തിയാകും.
ഇനിയൊരു പ്രളയത്തിന് തകർക്കാൻ കഴിയാത്ത വിധത്തിലുള്ള റോഡുകളും പാലങ്ങളുമാണ് പുനർനിർമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വേഗത, കാര്യക്ഷമത, ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യ, ദീർഘകാല ഈടുനിൽപ് എന്നിവയെല്ലാം ഉറപ്പാക്കുന്ന റോഡ് നിർമാണമാണ് നടത്തി വരുന്നത്. പ്രളയകാലത്ത് തകർന്ന 11000 കിലോമീറ്റർ റോഡും നൂറിലധികം പാലങ്ങളും അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കി. 1783 കോടി രൂപയാണ് പ്രളയകാലത്ത് തകർന്ന റോഡുകളുടെ ഉപരിതല നവീകരണത്തിന് മാത്രം ചെലവഴിച്ചത്. വിവിധ റോഡുകളിൽ 2395 ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിൽ നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കി. 392 കോടി രൂപ ചെലവഴിച്ച് ഗ്രാമീണ റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ
പദ്ധതിയിൽ 5000 റോഡുകളാണ് നവീകരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 14700 കോടി രൂപയുടെ റോഡ് നവീകരണം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പുരോഗമിക്കുന്നു.
പാലക്കാട് പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ തൂത ജംഗ്ഷൻ വരെയുള്ള റോഡ് 364.17 കോടി രൂപ ചെലവഴിച്ച് നാലുവരി പാതയായാണ് വികസിപ്പിക്കുന്നത്. റോഡിന്് 14 മീറ്റർ വീതിയുണ്ടാവും. റോഡിന് നടുവിൽ ഡിവൈഡറും ഡ്രെയിനേജും ഒരുക്കും. അവശ്യസ്ഥലങ്ങളിൽ വളവ് നിവർത്തിയാവും റോഡ് നിർമിക്കുക. സംരക്ഷണ ഭിത്തി, നടപ്പാത, കൈവരി എന്നിവയും സ്ഥാപിക്കും. ഈ റോഡിലുള്ള അഞ്ച് പാലങ്ങളിൽ നാലെണ്ണത്തിന്റെ വീതി കൂട്ടും. ഒരു പാലം പുതുക്കിപ്പണിയും. പ്രധാനപ്പെട്ട ജംഗ്‌നുകളും നവീകരിക്കും. 8 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും. റോഡ് നിർമാണം പൂർത്തിയായ ശേഷം അഞ്ചു വർഷത്തെ പരിപാലനം കൂടി ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 21 റോഡുകൾ ഇത്തരത്തിൽ പുനർനിർമിക്കുന്നതിന് 3346 കോടി രൂപ റീബിൽഡ് കേരളയിൽ നീക്കി വച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
