പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു

20000 കോടി രൂപ മുതൽമുടക്കിയുള്ള നിർമാണ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിൽ മാത്രം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
56000ത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് കിഫ്ബി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനു പുറമെ പുതിയ നിർമിതികൾക്ക് ബഡ്ജറ്റിൽ നീക്കി വച്ച തുകയുമുണ്ട്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 400 കോടി രൂപയുടെ നിർമാണം ജല അതോറിറ്റിയുടെയും ജലവിഭവ വകുപ്പിന്റേയും നേതൃത്വത്തിൽ നടക്കുന്നു. ഇതിൽ 44 പ്രവൃത്തികൾ പൂർത്തിയായി. 33 പദ്ധതികൾ നല്ല രീതിയിൽ പുരോഗമിക്കുന്നു.
മലപ്പുറം ഒടേക്കൽ  പൂക്കോട്ടുമന, എറണാകുളം പറപ്പള്ളിക്കാവ്  പാതാളം റഗുലേറ്റർ കം ബ്രിഡ്ജുകളുടെ പ്രവൃത്തികളും അങ്കമാലി മാഞ്ഞാലിത്തോട് പുനരുദ്ധാരണവും പൂർത്തിയായിട്ടുണ്ട്. കാസർകോട് പാലായിവളവ്, പാലക്കാട് കൂട്ടക്കടവ് എന്നിവിടങ്ങളിലെ റഗുലേറ്റർ കം ബ്രിഡ്ജുകളുടെ നിർമാണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ പ്രവർത്തനക്ഷമമല്ലാത്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പുനരുദ്ധാരണവും നടക്കുന്നു. ജലജീവൻ മിഷൻ, അന്തർസംസ്ഥാന നദീജല ഹബ്, കടൽത്തീര സംരക്ഷണ പദ്ധതി, അമൃത് പദ്ധതി, 500 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അട്ടപ്പാടി ജലസേചന പദ്ധതി എന്നിവയൊക്കെ ജലവിഭവ രംഗത്ത് സർക്കാർ യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 68.36 കോടി രൂപ ചെലവഴിച്ചാണ് പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. 18 മാസം കൊണ്ട് പണി പൂർത്തിയാകും. കടലിൽ നിന്ന് ഉപ്പ്‌വെള്ളം കയറുന്നതായിരുന്നു ഇവിടത്തെ കർഷകരെ ദുരിതത്തിലാക്കിയിരുന്നത്. ഇതിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് നാവിഗേഷൻ ലോക്ക് ഉള്ള റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സർവീസ് റോഡ് 6.5 മീറ്റർ വീതിയിൽ പുനരുദ്ധരിക്കും. നിർമാണം പൂർത്തിയാകുന്നതോടെ കടലിൽ നിന്ന് ഉപ്പ് വെള്ളം കയറുന്ന പ്രശ്‌നം അവസാനിക്കും. 1720 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യവും ലഭിക്കും. ഇതിനെല്ലാം പുറമെ ഭൂഗർഭ ജലനിരപ്പ് ഉയർത്താനും ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.