മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും  വിരമിക്കൽ ആനുകൂല്യ വിതരണത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27ന് വൈകുന്നേരം 5.30ന് വെട്ടുകാട് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മത്സ്യബന്ധന-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ അംശാദായമായി അടച്ച തുക വിരമിക്കുന്ന സമയത്ത് തിരികെ നൽകണമെന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. നിലവിൽ സർക്കാർ ധനസഹായത്തോടെയും ബോർഡിന്റെ തനത് ഫണ്ട് ഉപയോഗിച്ചും നടപ്പിലാക്കുന്ന 47 ക്ഷേമപദ്ധതികൾക്ക് പുറമെയാണിത്. ഫിഷറീസ് ഡയറക്ടർ ചെൽസാസിനി വി. റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

1986ൽ രൂപീകൃതമായ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അതിന്റെ നൽപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡിന്റെ പ്രവർത്തനം.