എറണാകുളം: ജില്ലയിലെ 82 പഞ്ചായത്തുകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലയിലാകെ 692 വാർഡുകളാണ് ഗ്രാമപഞ്ചായത്തുകളിൽ വനിതകൾക്കായി തിരഞ്ഞെടുത്തത്. ഇതിൽ 56 വാർഡുകൾ പട്ടികജാതി വനിതകൾക്കുള്ളതാണ്. പട്ടികജാതി പൊതു വിഭാഗത്തിനായി 136 വാർഡുകളും തിരഞ്ഞെടുത്തു. പട്ടികവർഗ വനിതകൾക്കായി കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിയും തിരഞ്ഞെടുത്തു.

ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ മേൽനോട്ടത്തിൽ നാലു ദിവസങ്ങളിലായാണ് നറുക്കെടുപ്പ് നടത്തിയത്. നാലാം ദിവസമായ ഇന്നലെ (Oct 1) ശേഷിച്ച18 പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് പൂർത്തിയാക്കിയത്. ആവോലി, ആരക്കുഴ, പായിപ്ര , കല്ലൂർക്കാട്, ആയവന, മഞ്ഞള്ളൂർ, മാറാടി, വാളകം, ചെങ്ങമനാട്, കുന്നുകര, നെടുമ്പാശ്ശേരി, പാറക്കടവ് ,ശ്രീ മൂലനഗരം, പുത്തൻവേലിക്കര, കടമക്കുടി, ചേരാനല്ലൂർ, മുളവുകാട്, എളങ്കുന്നത്തുപുഴ എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഇന്നലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നത്. ഒക്ടോബർ അഞ്ചിന് ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.