*പാലക്കാട് മെഗാഫുഡ് പാർക്ക് ഉദ്ഘാടനം ചെയ്തു
പാലക്കാട് മെഗാ ഫുഡ് പാർക്കിനൊപ്പം ചേർത്തലയിലെ കെ. എസ്. ഐ. ഡി. സിയുടെ മെഗാ സീ ഫുഡ് പാർക്കും ഇടുക്കിയിലെ സുഗന്ധ വ്യഞ്ജന പാർക്കും യാഥാർത്ഥ്യമാകുന്നതോടെ ഭക്ഷ്യസംസ്‌കരണ മേഖലയിലെ വലിയ കുതിച്ചുചാട്ടമാണ് സാധ്യമാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭക്ഷ്യസംസ്‌കരണ പാർക്കുകൾ മാത്രമല്ല വരുന്നത്. ഒറ്റപ്പാലത്തെ ഡിഫൻസ് പാർക്ക് പൂർത്തിയായിക്കഴിഞ്ഞു. പെട്രോ കെമിക്കൽ പാർക്ക് വരികയാണ്. കൊച്ചി  കോയമ്പത്തൂർ വ്യവസായ ഇടനാഴിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുകയാണ്. ഗ്‌ളോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡിംഗ് സിറ്റി വിഭാവനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നിരവധി വൻകിട പദ്ധതികളാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
പാലക്കാട് ഫുഡ് പാർക്കിൽ 30 യൂണിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. രണ്ട് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. 11 എണ്ണം നിർമാണ ഘട്ടത്തിലാണ്.


കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ ഗ്രാന്റ് ഫുഡ് പാർക്കിന് ലഭിക്കും. പദ്ധതി തുകയുടെ 35 ശതമാനമോ പരമാവധി അഞ്ച് കോടി രൂപ വരെയോ ഗ്രാന്റ് ലഭിക്കാൻ യൂണിറ്റുകൾക്ക് അർഹതയുണ്ടാവും. നബാർഡിന്റെ ഭക്ഷ്യസംസ്‌കരണ ഫണ്ടിൽ നിന്നുള്ള വായ്പയ്ക്കും യൂണിറ്റുകൾക്ക് ലഭിക്കും. ഈ അനുകൂല അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി നരേന്ദ്രസിംഗ് തോമർ, വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.