ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്, മറ്റ് ഇടക്കാല തിരഞ്ഞെടുപ്പുകൾ എന്നിവയ്ക്കായി കേരളത്തിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച കേന്ദ്ര നിരീക്ഷകരുടെ വീഡിയോ കോൺഫറൻസ് ഒക്‌ടോബർ അഞ്ചിന് രാവിലെ 9 മണിക്ക് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ നടക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനാണ് വീഡിയോ കോൺഫറൻസ് നടത്തുന്നത്. 30 ഉദ്യോഗസ്ഥരെയാണ് കേരളത്തിൽ നിന്ന് നിരീക്ഷകരായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
നിരീക്ഷകരായി നിയോഗിക്കപ്പെട്ടവർ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യണം. നിരീക്ഷക പോർട്ടലിലും ലിങ്ക് ലഭ്യമാണ്. എല്ലാ ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കണമെന്നും വിട്ടു നിൽക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. നിരീക്ഷകരുടെ പരിശീലനത്തിനായി നൽകിയിട്ടുള്ള സാമഗ്രികളിലും പോർട്ടലിലും നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.