എറണാകുളം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്കെതിരേ കർശന നടപടിയുമായി ഫ്ളൈയിംഗ് സ്ക്വാഡ്. ജില്ലാ കളക്ടർ എസ്. സുഹാസിൻ്റെ നിർദേശപ്രകാരം കണയന്നൂർ താലൂക്ക് തഹസിൽദാർ ബീന പി. ആനന്ദിൻ്റെയും തഹസിൽദാർ (എൽ.ആർ) റാണി .പി . എൽദോയുടെയും നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് പരിശോധനയ്ക്കിറങ്ങിയത്. സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 44 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 33 കേസുകൾ, മാസ്ക് ധരിക്കാത്തതിന് 10, കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിന് അടച്ച കട ഒന്ന് എന്നിങ്ങനെയാണ് കേസുകൾ. ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നത് വൈകിട്ടായതിനാൽ 4 മണി മുതൽ ആരംഭിച്ച പരിശോധന 7 വരെ നീണ്ടു. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. സെൻട്രൽ സ്റ്റേഷൻ എസ്. ഐ, മറ്റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
