തിരുവനന്തപുരം: പരിമിതികൾക്കും പരാധീനതക്കും ഇനി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് വിട പറയാം. പുതിയ ഡിറ്റിപിസി ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. 6 മാസത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

ജില്ലാ ടൂറിസത്തിന്റെ ഓഫീസ് കെട്ടിടം നിലവിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ ആസ്ഥാന മന്ദിരം നിർമിക്കുന്നത്. 2133 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടത്തിൽ രണ്ട് നിലകളിലായി സന്ദർശക സ്വീകരണകേന്ദ്രം, കോണ്ഫറന്സ് റൂം, പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവർക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ്, കാർ പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാവും.

ശിലാസ്ഥാപന ചടങ്ങിൽ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് , ടൂറിസം വകുപ്പ് ഡയറക്ടർ ബാലകിരൺ , കൗൺസിലർ പാളയം രാജൻ, ഡിറ്റിപിസി സെക്രട്ടറി ബിന്ദു മോനി തുടങ്ങിയവർ പങ്കെടുത്തു.