തൃശൂർ : കുന്നംകുളത്ത് നഗരസഭ ടൗൺഹാളിനോട് ചേർന്ന് ഏകലവ്യൻ സ്മാരക ലൈബ്രറി അങ്കണത്തിൽ നഗരസഭയുടെ ജീറിയാട്രിക് പാർക്ക് പ്രവർത്തനം ആരംഭിച്ചു. 24 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ജീറിയാട്രിക് പാർക്ക് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നടൻ വി കെ ശ്രീരാമൻ, കലാമണ്ഡലം നിർവാഹക സമിതിയംഗം ടി കെ വാസു എന്നിവർ മുഖ്യാതിഥികളായി.
നഗരസഭ വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ ആനന്ദൻ, സുമ ഗംഗാധരൻ, കൗൺസിലർ കെ എ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയിലെയും സമീപ പ്രദേശത്തെയും വയോജനങ്ങൾക്ക് തങ്ങളുടെ സൗഹൃദവും ഓർമകളും പങ്കുവയ്ക്കാനുള്ള ഒരിടമാക്കിയാണ് ജീറിയാട്രിക് പാർക്ക് ഒരുക്കിയിട്ടുള്ളത്. ഇതിനായി വായനശാലയുടെ അങ്കണത്തിൽ ടൈൽ പാകി മേൽക്കൂരമേഞ്ഞ് പുതിയ ഇരിപ്പിടങ്ങളും പാർക്കിൽ പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ചെറിയ രീതിലുള്ള സാഹിത്യ, സാംസ്‌കാരിക പരിപാടികൾ നേരിട്ടുകാണാനുള്ള വേദിയും പാർക്കിൽ സജ്ജമാക്കി. പാർക്കിനു വേണ്ടി പുതിയ ടോയ്ലറ്റുകൾ പണിതിട്ടുണ്ട്. ഇവിടെയെത്തുന്നവർക്ക് ചായ, ലഘുഭക്ഷണങ്ങൾക്കുള്ള കോഫി ഷോപ്പും സജ്ജമാക്കിയിട്ടുണ്ട്.