എറണാകുളം: കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച ചുള്ളി അയ്യമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നീതു അനു ശിലാഫലകം അനാച്ഛാദനം ചെയ്തു. ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പൊതുജന ആരോഗ്യ വിഭാഗത്തിന് പ്രത്യേകമായി കെട്ടിടം ഒരുക്കിയിട്ടുണ്ട്. കൂടാതെ കോൺഫറൻസ് ഹാളും ലബോറട്ടറിയും ശീതീകരിച്ച ഫാർമസിയും കൂടുതൽ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാകും. മെഡിക്കൽ വിഭാഗത്തിന് ഓഫീസും അനുബന്ധ സൗകര്യങ്ങളും വർധിപ്പിച്ചു. ആംബുലൻസ് സേവനവും ലഭിക്കും. ആകെ 76,02, 113 രൂപയാണ് ചിലവഴിച്ചത്. സംസ്ഥാന സർക്കാരിൻ്റെ 15 ലക്ഷം രൂപയുംറോജി എം.ജോൺ എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും പഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും 41,02,113 രൂപയും വികസന പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.യു.ജോമോൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജ ഷാജി എന്നിവർ പങ്കെടുത്തു.
ഫോട്ടോ:മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അയ്യമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ശിലാഫലകം പഞ്ചായത്ത് പ്രസിഡൻ്റ് നീതു അനു അനാഛാദനം ചെയ്യുന്നു.
