ജില്ലയിലെ 59 പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള ജലജീവന്‍ മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ എട്ടിന് വൈകീട്ട് 3.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. സംസ്ഥാനത്തൊട്ടാകെ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 100 ശതമാനം ഗ്രാമീണ വീടുകളിലും 2024 ലോടെ കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ജലജീവന്‍ പദ്ധതി ലക്ഷ്യമിടുന്നത്.

ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ എ.കെ ബാലനും കെ.കൃഷ്ണന്‍കുട്ടിയും നിര്‍വഹിക്കും

അന്നേദിവസം നടക്കുന്ന ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക ക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ. കെ ബാലന്‍ കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന പരിപാടി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.

ജില്ലയില്‍ 89,895 കണക്ഷനുകള്‍ക്ക് ഭരണാനുമതി

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4,40496 കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പദ്ധതികളാണ് ആദ്യ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ വിഭാവനം ചെയ്യുന്നത്. വാട്ടര്‍ അതോറിറ്റിയുടെ നാല് ഡിവിഷനുകളാണ് ഈ പ്രവൃത്തികള്‍ നടപ്പാക്കുന്നത്. ആദ്യഘട്ടമായി 89,895 കണക്ഷനുകള്‍ക്ക് 191.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ജില്ലയിലെ 59 പഞ്ചായത്തുകളിലുള്ള കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള ഒന്നാംഘട്ട പ്രവൃത്തികളുടെ ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്.

രണ്ടാംഘട്ടമായി 35 ഗ്രാമപഞ്ചായത്തുകളില്‍ 1,60,943 ഗാര്‍ഹിക കണക്ഷനുകള്‍ക്കായി 73131.61 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ വാട്ടര്‍ സാനിറ്റേഷന്‍ മിഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറക്ക് ഈ പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്യും.

2020-21 ല്‍ ലക്ഷ്യമിട്ട ബാക്കി കണക്ഷനുകള്‍ നല്‍കുന്നതിനായുള്ള പദ്ധതികളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ മൂന്നാംഘട്ടത്തില്‍ തയ്യാറാക്കുന്നുണ്ട്. 33 പഞ്ചായത്തുകളിലെ 1,26,753 കണക്ഷനുകള്‍ക്കായുള്ള പ്രോജക്ടാണ് വാട്ടര്‍ അതോറിറ്റി തയ്യാറാക്കുന്നത്. ആറ് പഞ്ചായത്തുകളിലെ 39445 കണക്ഷനുകള്‍ക്കായി  ജലനിധി/ ഭൂജലവകുപ്പാണ്  പ്രോജക്റ്റ് തയ്യാറാക്കുന്നത്.

ജില്ലയിലെ 11 പഞ്ചായത്തുകളിലെ 55424 കുടിവെള്ള കണക്ഷനുകള്‍ക്കായി വിശദമായ സര്‍വെയും ഡിസൈന്‍ തയ്യാറാക്കലുമാണ് നാലാംഘട്ടത്തില്‍ നടക്കുക.