എറണാകുളം: കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച പച്ചക്കറി കൃഷി ചലഞ്ചിലെ വിജയികൾക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് സമ്മാനത്തുക കൈമാറി. ജില്ലാ തല മത്സരത്തിൽ ഇലഞ്ഞി സി. ഡി. എസിലെ മിനി ജോർജ് ഒന്നാം സ്ഥാനം നേടി. 5000 രൂപയാണ് ഒന്നാം സമ്മാനത്തുക. മഴുവന്നൂർ സി. ഡി. എസിലെ അച്ചാമ്മ ഏലിയാസ് രണ്ടാം സമ്മാനമായ 3000 രൂപയും ഉദയംപേരൂർ, സി. ഡി. എസിലെ സജു ശശിധരൻ മൂന്നാം സമ്മാനമായ ആയിരം രൂപയും കരസ്ഥമാക്കി.

’’എന്റെ മണ്ണ്, എന്റെ അടുക്കളയ്ക്ക് , എന്റെ പച്ചക്കറി’’ എന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കുടുംബശ്രീ മിഷൻ മത്സരങ്ങൾ സംഘടിപ്പിച്ചത്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷി ചലഞ്ച് നടപ്പിലാക്കിയത് .

എറണാകുളം ജില്ലയിലാണ് ആദ്യമായി കുടുംബശ്രീ കാർഷിക ചലഞ്ച് പദ്ധതിക്കു തുടക്കമിട്ടത്.
ബ്ലോ തലത്തിലാണ് മത്സരം സംഘടിപ്പിച്ചത് . ഓരോ ബ്ലോക്കിന്റെയും കീഴിലുള്ള സി.ഡി.എസുകളിൽ നിന്നുള്ള സംഘക്കൃഷി ഗ്രൂപ്പിലെ വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്.മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. നിലമൊരുക്കൽ, നടീൽ, പരിപാലനം എന്നിങ്ങനെയായിരുന്നു ചലഞ്ചിന്റെ ഘട്ടങ്ങൾ. മത്സരത്തിൽ പങ്കെടുത്ത പലരും സ്വന്തം വീട്ടു മുറ്റത്ത് തനിച്ചോ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിയോ ആയിരുന്നു കൃഷി ചെയ്തത് .ചീര, വഴുതന, വെണ്ട, പയർ, പാവൽ എന്നിവയായിരുന്നു പ്രധാന കൃഷികൾ. മുളപ്പിച്ച് ഉപയോഗിക്കുന്ന മൈക്രോ ഗ്രീൻ പച്ചക്കറികൾ, ഗ്രോബാഗ്, ടെറസ് ഫാമിങ്ങ് എന്നിവ ഉൾപ്പെടെ വിവിധ കൃഷി രീതികളും പലരും അവലംബിച്ചിരുന്നു .
മത്സരത്തിന്റെ ഓരോ ഘട്ടവും വീഡിയോ ആയി ചിത്രീകരിച്ച് മെയിൽ ചെയ്യുന്നതിനുള്ള നിർദേശം ആയിരുന്നു മത്സരാർത്ഥികൾക്ക് നൽകിയിരുന്നത് . ഇങ്ങനെ ലഭിച്ച വീഡിയോ പരിശോധിച്ച് ബ്ലോക്ക് തല മത്സരങ്ങളിൽ വിജയികളായവരിൽ നിന്നും ജില്ലാ തലത്തിൽ 1, 2, 3 സ്ഥാനങ്ങളിലേക്ക് മികച്ച മത്സരാർത്ഥികളെ തെരെഞ്ഞെടുത്തു.
ഇതോടൊപ്പം തന്നെ 14 ബ്ലോക്ക് തല വിജയികളെയും തിരഞ്ഞെടുത്തു. മത്സരത്തിന്റെ മൂന്ന് ഘട്ടങ്ങളിലും പങ്കെടുത്ത 239 വനിതാ കർഷകർ ഇ കാർഷിക ചലഞ്ചിന്റെ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.

ബ്ലോക്ക് തല മത്സര വിജയികൾ
1. ആലങ്ങാട് ബ്ലോക്ക് -സാനിയ ഷൈൻ( ആലങ്ങാട് CDS )
2. അങ്കമാലി ബ്ലോക്ക് – ശ്രീലത സലികുമാർ ( അയ്യമ്പുഴ CDS)
3. ഇടപ്പള്ളി ബ്ലോക്ക് – മേരി ഷേർലി ഫ്രാൻസിസ് ( എളങ്കുന്നപ്പുഴ CDS)
4. കോതമംഗലം ബ്ലോക്ക് – രെഹ്ന നൂറുദ്ധീൻ (നെല്ലിക്കുഴി CDS)
5. കൂവപ്പടി ബ്ലോക്ക് – ധനുഷാ വിജയൻ ( വേങ്ങൂർ CDS )
6. മുളന്തുരുത്തി ബ്ലോക്ക് -ഷീന ടി. എ (ആമ്പല്ലൂർ CDS )
7. മുവാറ്റുപുഴ ബ്ലോക്ക് -മിനി രാജു (ആരക്കുഴ CDS )
8. പള്ളുരുത്തി ബ്ലോക്ക് – ഓമന വേണുഗോപാൽ (കുമ്പളങ്ങി CDS)
9. പാമ്പാക്കുട ബ്ലോക്ക് -ബീന സണ്ണി (പാലക്കുഴ CDS )
10. പാറക്കടവ് ബ്ലോക്ക് -ജാൻസി ജോബി (കുന്നുകര CDS )
11. പറവൂർ ബ്ലോക്ക് -ജാൻസി പിയുസ് (കോട്ടുവള്ളി CDS )
12. വടവുകോട് ബ്ലോക്ക് -ശോഭന പി. കെ (വടവുകോട് പുത്തന്കുരിശ്ശ് CDS )
13. വാഴക്കുളം ബ്ലോക്ക് -തങ്കമ്മ (കീഴ്മാട് CDS )
14. വൈപ്പിൻ ബ്ലോക്ക് – ഷീബ പ്രകാശൻ (പള്ളിപ്പുറം CDS )

ഫോട്ടോ: ഒന്നാം സ്ഥാനം നേടിയ മിനി ജോർജിന് കളക്ടർ എസ് സുഹാസ് സമ്മാനതുക കൈമാറുന്നു