ഗ്രാമീണ മേഖലയിലെ എല്ലാ വീട്ടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 1,93,705 ഗാര്‍ഹിക കണക്ഷനുകള്‍ക്ക് ഭരണാനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനായി 410 കോടി രൂപയാണ് വകയിരുത്തിയിട്ടുണ്ടെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കണക്ഷന്‍ ലഭിക്കുന്നതിനാവശ്യമായ തുകയുടെ 40 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പത്തുശതമാനം ഗുണഭോക്താവുമാണ് വഹിക്കുന്നത്. നിലവില്‍ 41,941 കണക്ഷനുകളുടെ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇവ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. രണ്ടു ഘട്ടങ്ങളായാണ് നിർമാണം നടക്കുക. വാട്ടര്‍ അതോറിറ്റിയും ജലനിധിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
തോന്നയ്ക്കല്‍ എ. ജെ ഹാളിൽ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.