ജില്ലയില്‍ ഇന്നും 1000 കടന്ന് കോവിഡ് ബാധിതര്‍
876 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 916 പേര്‍ക്ക് വൈറസ് ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 74
11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 7,648 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 47,204 പേര്‍

ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം വ്യാഴാഴ്ചയും  1000 കടന്നു. 1,024 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരായവരില്‍ 916 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 74 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം വ്യാഴാഴ്ച 876 പേര്‍ രോഗമുക്തരായതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരുള്‍പ്പെടെ 22,156 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

47,204 പേര്‍ നിരീക്ഷണത്തില്‍

47,204 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,648 പേര്‍ വിവിധ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 526 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,402 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ നിന്ന് ഇതുവരെ 1,92,864 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചതില്‍ 5,359 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ 130 പോരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.