ജില്ലയില്‍ വേനല്‍ ശക്തമാകുന്നതോടെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കിയോസ്‌കുകളിലൂടെയും ടാങ്കറുകളിലൂടെയും കുടിവെള്ള വിതരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന നടപടി സ്വീകരിക്കും.
കുടിവെള്ള വിതരണത്തിനായി ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളുടെ പട്ടിക തയ്യാറാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വരള്‍ച്ചാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗമാണ് തീരുമാനമെടുത്തത്. വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനുള്ള 20 ഇടങ്ങളില്‍ അടിയന്തരമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടാന്‍ കലക്ടര്‍ പഞ്ചായത്ത് ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണത്തിനുള്ള നിരക്ക് നിശ്ചയിച്ച് നല്‍കാന്‍ തഹസീല്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വേനല്‍മഴ ആശ്വാസമാണെങ്കിലും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ആവശ്യമായി വന്നാല്‍ കഴിഞ്ഞവര്‍ഷത്തെപ്പോലെ ഭൂജല വിനിയോഗത്തില്‍ നിയന്ത്രണങ്ങളോ ക്രമീകരണങ്ങളോ ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ ജലസംരക്ഷണ നിയമത്തില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ നിഷ്‌ക്കര്‍ഷിക്കപ്പെട്ടപ്രകാരം കര്‍ശന നടപടി സ്വീകരിക്കും.
ജില്ലയിലെ വനമേഖലയില്‍ സ്വാഭാവികമായി കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും കാട്ടുതീ മനുഷ്യ ഇടപെടലുകളിലൂടെയുണ്ടായിട്ടുള്ളതാണെന്നും വനം വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. വേനല്‍ കഴിയുന്നതുവരെ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി മുഖേനയുള്ള ട്രക്കിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ ട്രക്കിംഗ് നടത്തിയാല്‍ വനസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കും. വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ ഭൂമിയിലൂടെ വനത്തിനുള്ളില്‍ കടക്കാനുള്ള സാഹചര്യങ്ങളെ കുറിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ തഹസീല്‍ദാര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ എ.ഡി.എം പി.ജി.രാധാകൃഷ്ണന്‍, ആര്‍.ഡി.ഒ എം.പി. വിനോദ്, മൂന്നാര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, മാങ്കുളം ഡി.എഫ്.ഒ ബി.എന്‍ നാഗരാജ് തഹസീല്‍ദാര്‍മാരായ ഭാനുകുമാര്‍, ഷാജി എം.എ, ശ്രീജിത്ത് .എസ്, ഷാജി പി.കെ, തൊടുപുഴ ശ്രീകുമാര്‍ എസ്.കെ, ഡെപ്യൂട്ടി തഹസീല്‍ദാര്‍ , ഡി.വൈ.എസ്.പി എ.ഡി. മോഹന്‍ദാസ് വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
