2953 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് യോഗവും ബോർഡ് യോഗവും അനുമതി നൽകിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 816 കോടി രൂപയുടെ പദ്ധതികൾക്കാണ് ആരോഗ്യ മേഖലയിൽ അനുമതി നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്‌ളോക്ക്, പീഡിയാട്രിക് ബ്‌ളോക്ക്, എം. എൽ. ടി ബ്‌ളോക്ക് എന്നിവയുടെ നിർമാണം പരിയാരം, കോന്നി മെഡിക്കൽ കോളേജുകൾ, കോട്ടയം ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി എന്നിവയുടെ നവീകരണം എന്നിവയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. കൊച്ചി കരുവേലിപ്പടി, കായംകുളം, ഫറൂക്ക്, ബാലുശേരി, കൊയിലാണ്ടി താലൂക്ക് ആശുപത്രികളുടെ നവീകരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ 1369.05 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. പൊന്നാനി എസ്റ്റിയുറിക്ക് കുറുകെയുള്ള കേബിൾ സ്‌റ്റെയിഡ് പാലം, തിരുവനന്തപുരം വഴയില – പഴകുറ്റി, പേട്ട -ആനയറ  -ഒരുവാതിൽകോട്ട റോഡ് നിർമാണം, കുന്നംകുളം മുനിസിപ്പാലിറ്റി റോഡ്, ചെങ്ങന്നൂർ ബൈപ്പാസ്, പത്തനംതിട്ട അബാൻ ഓവർബ്രിഡ്ജ്, കൊല്ലം പള്ളിമുക്ക് ആലിമുക്ക് റോഡ് തുടങ്ങി 17 പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്.

ആലപ്പുഴ കടൽപ്പാല നിർമാണത്തിന് 15.26 കോടി രൂപയുടെ അനുമതിയും നൽകി. അന്തൂർ, കണ്ണൂർ, കൂത്താട്ടുകുളം, പട്ടാമ്പി എന്നിവിടങ്ങളിലെ നാലു മുനിസിപ്പൽ ഓഫീസ് കെട്ടിടങ്ങൾക്ക് 50.79 കോടി രൂപയും പാലക്കാട്, പുനലൂർ, ആറ്റിങ്ങൽ, കോഴിക്കോട് എന്നിവിടങ്ങളിൽ അറവുശാലകൾ നിർമിക്കാൻ 38.77 കോടി രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം.

കെ. എസ്. ആർ. ടി. സിക്ക് 330 സി. എൻ. ജി ബസ് വാങ്ങാനുള്ള പണം നൽകും. നിലവിലെ ഡീസൽ ബസുകൾ എൽ. എൻ. ജി ആക്കുന്നതിന് പണം വകയിരുത്തിയിട്ടുണ്ട്. ഇതിനായി കെ. എസ്. ആർ. ടി. സിയുമായി കിഫ്ബി ധാരണാപത്രം ഒപ്പുവയ്ക്കും. ഈ പദ്ധതി നടപ്പാകുന്നതോടെ ന്യൂഡൽഹി കഴിഞ്ഞാൽ ഗ്രീൻ ട്രാൻസ്‌പോർട്ട് സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും.

ശബരിമല ഇടത്താവള വികസനം, മറ്റു നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 143 കോടി രൂപ നീക്കിവച്ചു. 24 ക്‌ളസ്റ്ററുകളിലായി 336 സ്‌കൂളുകൾക്ക് ഒരു കോടി രൂപയുടെ അനുമതി നൽകി. തീരദേശത്തെ എല്ലാ സ്‌കൂളുകളും വികസിപ്പിക്കുന്നതിന് കിഫ്ബി ഏറ്റെടുക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 60 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം. പാലക്കാട് കൊഴിഞ്ഞാമ്പാറ പത്തിരിപ്പാല, പത്തനംതിട്ട ഇലന്തൂർ, മലപ്പുറം ഡൗൺഹിൽ എന്നിവിടങ്ങളിൽ ആർട്‌സ് ആന്റ് സയൻസ് കോളേജുകൾക്കാണ് അനുമതി.
ഇതുവരെ 59000 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. ഇതിൽ 20000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിന് മാത്രമാണ് വിനിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു.