തൃശ്ശൂർ : കുളത്തില്‍ മുങ്ങിത്താണ് മരണത്തോട് മല്ലടിച്ച രണ്ടു സ്ത്രീകളെ രക്ഷിച്ച പോര്‍ക്കുളം പഞ്ചായത്തിലെ അകതിയൂര്‍ കാരാമല്‍ സരിതാ മണികണ്ഠന് ജീവന്‍ രക്ഷാപതക് അവാര്‍ഡ് സമ്മാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനാണ് സരിതാ മണികണ്ഠന്റെ വീട്ടിലെത്തി അവാര്‍ഡ് തുക കൈമാറിയത്.
അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷ കണക്കിലെടുത്ത് അവരെ അതിസാഹസികമായി രക്ഷിച്ച ധീര പൗരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ബഹുമതിയാണ് ജീവന്‍ രക്ഷാപതക്.കേന്ദ്ര സര്‍ക്കാരിന്റെ 1,50,000 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 35,000 രൂപയും അടക്കം 1,85,000 രൂപയാണ് സരിതയ്ക്ക് മന്ത്രി വീട്ടിലെത്തി കൈമാറിയത്.2018 ജനുവരി ഒന്നിനാണ് സരിത രണ്ടു സ്ത്രീകളുടെ ജീവന്‍ അതിസാഹസികമായി രക്ഷിച്ചത്. അകതിയൂര്‍ ചേന്ദപുരം ക്ഷേത്രക്കുളത്തില്‍ തിരുവാതിര കുളിക്കാനെത്തിയ കൃഷ്ണ, കുളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തിന്റെ മധ്യഭാഗത്ത് മുങ്ങിത്താണു. ഇതു കണ്ട് ഒപ്പമുണ്ടായിരുന്ന അരുണ പ്രസാദ് കൃഷ്ണയെ രക്ഷിക്കാന്‍ കുളത്തിലേക്ക് എടുത്തു ചാടി. എന്നാല്‍ കൃഷ്ണ അരുണയെ മുറുകെ പിടിച്ചപ്പോള്‍ രണ്ടു പേരും മുങ്ങിത്താഴുകയായിരുന്നു. ഈ സമയത്താണ് സരിത ഇവരുടെ രക്ഷയ്ക്കെത്തിയത്. പിന്നീട് രണ്ടു പേരെയും സരിത അതിസാഹസികമായി കരയ്ക്കു വലിച്ചു കയറ്റി. സരിതയുടെ ധീരവും സമയോചിതവുമായ ഇടപെടലിലൂടെയാണ് രണ്ടു ജീവന്‍ രക്ഷിക്കാനായത്.