തിരുവനന്തപുരം: രാജാജി നഗർ തെരുവ് ഭാഗികമായി നവീകരിക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ഹൗസിങ് കോംപ്ലക്‌സ് പദ്ധതിയുടെ പ്രവൃത്തികൾ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. 61 കോടി ചെലവിൽ എട്ടു ബ്ലോക്കുകളും മൂന്നു നിലകളുമായി നിർമിക്കുന്ന കോംപ്ലക്‌സിൽ 249 ഫ്‌ളാറ്റുകളുണ്ടാകും.

വികസന പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, നടപ്പാക്കി നാടിനു സമർപ്പിക്കുക എന്ന ഉറച്ച തീരുമാനത്തിലാണു സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. വിവാദങ്ങളിലേക്കല്ല വികസനത്തിലേക്കാണു സർക്കാരിന്റെ ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഈ പദ്ധതിയുടെ നിർമാണം സുഗമമാക്കാൻ തെരുവിലെ 180 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. പുനരധിവസിപ്പിച്ച കുടുംബങ്ങൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകും. ഗ്രീൻ സ്‌പേസ്, കമ്യൂണിറ്റി ഹാളുകൾ, കളിസ്ഥലം, പാർക്കിങ് സ്ഥലം, മാലിന്യ സംസ്‌കരണത്തിനുള്ള സ്ഥലം, തെരുവ് വിളക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.