* ലോക ജലദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
വരൾച്ച ഒരു യാഥാർഥ്യമാണെന്ന് നാം തിരിച്ചറിയണമെന്നും ജലസംരക്ഷണത്തിനുള്ള ശ്രമങ്ങൾ വീടുകൾ മുതൽ ആരംഭിക്കണമെന്നും ഗവർണർ പി. സദാശിവം അഭിപ്രായപ്പെട്ടു. ഒലവജഭവ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ജലദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജലം ലഭിക്കുകയെന്ന അവകാശം ദിനംതോറും നഷ്ടമാകുകയാണ്. ഇന്നത്തെക്കാലത്തെ പ്രധാന പ്രതിസന്ധികളായ കാലാവസ്ഥ വ്യതിയാനം, ആരോഗ്യപ്രശ്‌നങ്ങൾ, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയവയ്‌ക്കെല്ലാം ജലലഭ്യതയുമായി ബന്ധമുണ്ട്. സുലഭമായി ജലം ലഭിക്കുന്ന സ്ഥലമാണ് കേരളമെന്നാണ് വടക്കേ ഇന്ത്യയിലും മറ്റുമുള്ളവർ കരുതുന്നത്. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് കേരളത്തിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മനസിലായത്. അതേസമയം, ഇത്രയധികം നദികളും, ജലാശയങ്ങളും ദേശീയ ശരാശരിയേക്കാൾ മഴയുമുള്ള കേരളത്തിൽ വരെ കാലാവസ്ഥ വ്യതിയാനവും ജലലഭ്യതയും കുറയുന്നതിൽ അശാസ്ത്രീയമായ മനുഷ്യ ഇടപെടലുകൾ കാരണമാകുന്നുണ്ട്. കർഷക കുടുംബമായ തന്റെ പറമ്പിലെ കിണറ്റിലെ വെള്ളം പമ്പ് ചെയ്യുന്നതിനുപോലും സമീപത്തെ കാവേലി നദീജലനിരപ്പിൽ കുറവ് വരുമെന്നതിനാൽ നിയന്ത്രണമുണ്ട്. ജലക്ഷാമം പരിഹരിക്കുക സമൂഹത്തിന്റെ ആവശ്യമായതിനാൽ അത്തരം നിയന്ത്രണങ്ങൾ അംഗീകരിച്ച് കൃഷി നടത്താൻ മകന് നിർദേശം നൽകിയതായും ഗവർണർ പറഞ്ഞു. രാജ് ഭവനിൽ കുപ്പിവെള്ളം ഉപയോഗിക്കരുത് എന്ന് നിർദേശിച്ചിട്ടുണ്ട്. ജലം ജനങ്ങളുടെ വിഭവമാണെന്നും വിൽപനചരക്കല്ലെന്നും സന്ദേശം നൽകാനാണ് അങ്ങനെ ചെയ്തത്. കൂടാതെ, ജലസംരക്ഷണത്തിനായി രാജ്ഭവൻ വളപ്പിൽ നിരവധി മരങ്ങൾ നട്ടുപിടിപ്പിക്കാൻ മുൻകൈയെടുത്തിട്ടുണ്ട്. കേരളത്തിലുള്ളവർ വിദ്യാസമ്പന്നരാണെങ്കിലും നന്നായി കൃഷി ചെയ്യാൻ ഇനിയും പഠിക്കാനുണ്ട്. ഹരിതകേരളം മിഷൻ മികച്ച പ്രവർത്തനമാണ് ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാനത്ത് നടത്തുന്നത്. മഴവെള്ള സംരക്ഷണത്തിനും അവബോധം വർധിച്ചിട്ടുണ്ട്. നിർമാണങ്ങൾ നടത്തുമ്പോൾ മഴവെള്ള സംരക്ഷണത്തിനുള്ള സംവിധാനമൊരുക്കാൻ നിയമങ്ങൾ കർശനമാക്കണം. പ്രകൃതിദത്ത പരിഹാരങ്ങളായി കാടുകളും പുൽമേടുകളും സൃഷ്ടിക്കുകയും വേണം. കേരളത്തിൽ പച്ചക്കറി കൃഷിക്ക് വിത്തും തൈകളും സർക്കാർ നൽകുന്നത് ഗവർണർമാരുടെ കോൺഫറൻസിൽ അവതരിപ്പിച്ചതായും സർക്കാർ നടപടിക്ക് അവിടെ മികച്ച അംഗീകാരം ലഭിച്ചതായും ഗവർണർ പറഞ്ഞു. കടൽവെള്ളം ശുദ്ധീകരിക്കാനും മലിനജലശുദ്ധീകരണത്തിനും ചെലവുകുറഞ്ഞ പുതിയ പദ്ധതികൾക്ക് മുൻഗണന ലഭിക്കണം. ജല പുനരുപയോഗമെന്ന സംസ്‌കാരം ഗാർഹികതലത്തിൽ തന്നെ വേണം. കാർഷികമേഖലയിലെ ജല ഉപയോഗം ക്രമീകരിക്കാൻ ഡ്രിപ്പ്, മൈക്രോ ജലസേചന രീതികൾ പ്രോത്‌സാഹിപ്പിക്കണം. കുറഞ്ഞതോതിൽ ജലം ആവശ്യമുള്ള കാർഷിക ഇനങ്ങൾ കണ്ടെത്താൻ ഗവേഷണങ്ങളുണ്ടാകണം. അത്തരം കൃഷിരീതികളും കാർഷിക ഇനങ്ങളും ഉപേയാഗിക്കുന്ന കർഷകർക്ക് ആനുകൂല്യങ്ങളും പരിഗണിക്കണം. ജലസേചനത്തിനപ്പുറം മികച്ച ജലവിഭവ മാനേജ്‌മെൻറാണ് ആവശ്യം. ജലച്ചോർച്ച പൈപ്പിലായാലും വീട്ടിലായാലും ഓഫീസിലായാലും സാമൂഹ്യ കുറ്റകൃതമായി കണക്കാക്കണം. ഇത്തരത്തിൽ ചോർച്ച കണ്ടാൽ അതൊഴിവാക്കാൻ ശ്രമിക്കണം. വ്യവസായങ്ങൾ ജലസംസ്‌കരണത്തിനും പുനരുപയോഗത്തിനും സൗകര്യങ്ങളൊരുക്കണം. ജനങ്ങളിൽ ഇത്തരത്തിലുള്ള അവബോധമുണ്ടാക്കുന്നതിൽ മാധ്യമങ്ങൾക്ക് മികച്ച പങ്ക് വഹിക്കാനാകുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ജലവിഭവമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി വ്യൂഹത്തെ സംരക്ഷിച്ച് കാലാവസ്ഥാവ്യതിയാനത്തെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ സ്വാഭാവികത നശിപ്പിക്കുന്ന ശ്രമങ്ങളിൽനിന്ന് പിന്തിരിയണം. ജലസ്രോതസുകൾ അപ്രത്യക്ഷമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. കേപ്ടൗൺ മുതൽ ബാംഗ്‌ളൂർ വരെ ഇതിനുള്ള ഉദാഹരണങ്ങൾ ദൃശ്യമാകുന്നത് തീവ്രജലക്ഷാമത്തിന് അടുത്ത് നാമെത്തി എന്നതിന്റെ ഓർമപ്പെടുത്തലാണ്. ഹരിതകേരളം മിഷനും മറ്റ് ജനകീയ ഇടപെടലുകളും ജലസംരക്ഷണത്തിന് പുതുവഴികൾ തുറന്നിട്ടുണ്ട്. മൃതപ്രായമായ നദികളെ ജനകീയ ഇടപെടലിലൂടെ പുനരുജ്ജീവിക്കാനായതിന്റെ ഉദാഹരണമാണ് വരട്ടാരെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്, മന്ത്രി ജലദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയർ കെ.എ. ജോഷി, കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ എ. ഷൈനാമോൾ എന്നിവർ ആശംസയർപ്പിച്ചു. ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും കെ.ആർ.ഡബ്യൂ.എസ്.എ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.ആർ. അജയകുമാർ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് മൂന്ന് സെഷനുകളായി സെമിനാർ നടന്നു.