കരുവന്നൂർ മുനയം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ജില്ലയിൽ കുടിവെള്ള വിതരണത്തിനായി കേരള വാട്ടർ അതോറിറ്റിയുടെയും ജലനിധിയുടെയും പഞ്ചായത്തിനെയും നിരവധി പദ്ധതികൾക്ക് കരുവന്നൂർ പുഴയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ നാട്ടിക-ഇരിങ്ങാലക്കുട നിയോജക മണ്ഡലങ്ങളിൽ കരുവന്നൂർ പുഴയ്ക്ക് കുറുകെ കാട്ടൂർ, താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുടിവെള്ള വിതരണത്തിനായി വർഷംതോറും താൽക്കാലിക ബണ്ടാണ് നിർമ്മിക്കാറുള്ളത്. ഇതിനൊരു ശാശ്വത പരിഹാരമായാണ് കരുവന്നൂർ പുഴക്ക് കുറുകെ 82 മീറ്റർ നീളത്തിൽ മുനയം റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം. 5.50 മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കുന്നതിന് 12 മീറ്റർ വീതമുള്ള സ്പാനുകളോടെയാണ് നിർമ്മിക്കുക.
പി.സി കനാലിലെ ഉപ്പുവെള്ളം കരുവന്നൂർ പുഴയിലേക്ക് കയറാതെ സംരക്ഷിക്കുക, 3000 ഹെക്ടറോളം വരുന്ന കോൾ നിലങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നബാർഡ് പദ്ധതിയിലുൾപ്പെടുത്തി മുനയം റെഗുലേറ്ററും ബ്രിഡ്ജും നിർമ്മിക്കുന്നത്. പദ്ധതി വഴി അന്തിക്കാട്, താന്ന്യം, ചാഴൂർ, കാട്ടൂർ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാനും പാലം വരുന്നതോടെ കാട്ടൂർ, താന്ന്യം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഗതാഗതക്ലേശം പരിഹരിക്കാനും സാധിക്കും. പദ്ധതിക്കായി 24 കോടി നബാർഡ് അനുവദിച്ചു.കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗീത ഗോപി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.