* പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പുതിയ ആറ് വായ്പാ പദ്ധതികള്‍
അധ:സ്ഥിത സമൂഹത്തിന്റെ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശികയായതും കാലാവധി കഴിഞ്ഞതുമായ വായ്പകളിലെ കുടിശ്ശിക എഴുതിതള്ളി ജാമ്യരേഖകള്‍ തിരികെ നല്‍കുന്ന ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കു അനുകൂലമായ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അത് സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണ്. അതിന് തടസം നില്‍ക്കാന്‍ ആരെയും അനുവദിക്കില്ല.
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശികയായവരുടെയും 2010 മാര്‍ച്ച് 31 ന് കാലാവധി കഴിഞ്ഞതുമായ വായ്പകളിലെ 2015 മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക എഴുതിതള്ളി ജാമ്യരേഖകള്‍ തിരികെ നല്‍കുന്നതോടെ ചരിത്രപരമായ നടപടിയാണ് ഇപ്പോള്‍ വകുപ്പ് കൈകൊണ്ടിരിക്കുന്നത്. ഇനിയും ഇത്തരത്തില്‍ ആര്‍ക്കൊക്കെ സഹായം നല്‍കാമെന്ന കാര്യം പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും.  പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതോടെ സര്‍ക്കാറും വകുപ്പും പാവപ്പെട്ടവരുടെ കൂടെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കുള്ള ജാമ്യരഹിതവും സബ്‌സിഡിയോടുകൂടിയ വായ്പ, ഭൂരഹിത പട്ടികജാതിക്കാര്‍ക്കുള്ള കൃഷിഭൂമി വായ്പ, സബ്‌സിഡിയോടുകൂടിയ വിദേശ തൊഴില്‍ വായ്പ, ഭവന പുനരുത്ഥാരണ വായ്പ, പട്ടികജാതി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കാര്‍ ലോണ്‍ പദ്ധതി, പ്രവാസി പുനരധിവാസ വായ്പ എന്നീ പുതിയ വായ്പാ പദ്ധതികളുടെ പ്രഖ്യാപനവും വായ്പാ വിതരണവും മന്ത്രി  നിര്‍വഹിച്ചു.
കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വകുപ്പ് സെക്രട്ടറി ഡോ. വി. വേണു, പട്ടികജാതി വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ഐഷ ബേക്കര്‍, കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആര്‍. എസ്. അനില്‍ എന്നിവര്‍ സംസാരിച്ചു.  മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.എ. നാസര്‍ സ്വാഗതവും ജില്ലാ മാനേജര്‍ എസ്.ആര്‍. ജനേന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു.
പി.എന്‍.എക്‌സ്.1101/18