എറണാകുളം: ജില്ലയിൽ പഴുതടച്ച നിരീക്ഷണവുമായി സെക്ടറൽ മജിസ്ട്രേറ്റുമാർ. ഇതുവരെ 16369 കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതിൽ 14154 കേസുകൾ പരിഹരിച്ചു.സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും എറണാകുളം ജില്ലയിലാണ്.

കോവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനാണ് സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിച്ചത്. ജില്ലയിൽ 128 ഉദ്യോഗസ്ഥരാണ് ഉള്ളത്. ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങൾ, കണ്ടെയ്ൻമെൻ്റ് സോണുകൾ, കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്. ഇതിനായി ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിച്ചിരുന്നു. ഒരു സെക്ടറൽ മജിസ്ട്രേറ്റ് 30 മുതൽ 40 വരെ പരിശോധനകളാണ് ഒരു ദിവസം നടത്തുന്നത്. പൊതു ഇടങ്ങൾ , കച്ചവട സ്ഥാപനങ്ങൾ, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സെക്ടറൽ ഓഫീസർമാർ ഉറപ്പു വരുത്തും.

മാസ്ക് ശരിയായ രീതിയിൽ ധരിക്കാതിരിക്കുക , സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുക, കടകളിൽ സന്ദർശകരുടെ രജിസ്റ്ററുകൾ സൂക്ഷിക്കാതിരിക്കുക, റോഡിൽ അലക്ഷ്യമായി തുപ്പുക തുടങ്ങിയ കുറ്റങ്ങൾ ഗൗരവത്തോടെ യാണ് കൈകാര്യംചെയ്യുന്നത്.. കണ്ടെയ്ൻമെൻറ് സോണുകളിൽ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.